നാളെ പരോൾ തീരും, വീട്ടിൽ ബിജെപി പ്രവർത്തകനായ കൊലക്കേസ് പ്രതിയുടെ ചാരായം വാറ്റൽ; പൊലീസിനെ കണ്ടതോടെ രക്ഷപെട്ടു

നാളെ പരോൾ തീരും, വീട്ടിൽ ബിജെപി പ്രവർത്തകനായ കൊലക്കേസ് പ്രതിയുടെ ചാരായം വാറ്റൽ; പൊലീസിനെ കണ്ടതോടെ രക്ഷപെട്ടു


തൃശൂര്‍: പരോളില്‍ ഇറങ്ങിയ ചാരായം വാറ്റിയ കൊലക്കേസ് പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. റെയ്ഡിന് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ആളൂര്‍ സ്വദേശി  കരുവാന്‍ വീട്ടില്‍ സതീഷാണ് (40) ചാരായം വാറ്റുന്നതിനിടയില്‍ പൊലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ടത്. ഭാര്യാ പിതാവ് ആളൂര്‍ പൈക്കാട്ട് വീട്ടില്‍ സുകുമാരനെ (65) പൊലീസ് പിടികൂടി.

ആളൂര്‍  സെന്‍റ്  ജോസഫ് ദേവാലയത്തിന് സമീപത്തുള്ള സതീഷിന്റെ വീട്ടില്‍ ചാരായം വാറ്റുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം കിട്ടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സംഘം റെയ്ഡിന് എത്തി. പൊലീസ് എത്തിയതറിഞ്ഞ സതീഷ് ഓടി രക്ഷപ്പെടുകയായിരുന്നു. 55 ലിറ്റര്‍ ചാരായവും 620  ലിറ്റര്‍ വാഷും ചാരായം നിറയ്ക്കുന്നതിനായി ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 79 പ്ലാസ്റ്റിക് ബോട്ടിലുകളും രണ്ട് കന്നാസുകളും 500 ലിറ്ററിന്‍റെ മൂന്ന് വീപ്പകളും ഒരു ഗ്യാസ് അടുപ്പും ഒരു ഗ്യാസ് സിലിണ്ടറും പൊലീസ് പിടിച്ചെടുത്തു. 

പിടികൂടിയ സുകുമാരനെ കോടതിയില്‍ ഹാജരാക്കി. കൂട്ടുപ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ആളൂര്‍ എസ് എച്ച് ഒ കെ എം ബിനീഷിന്‍റെ നിര്‍ദേശപ്രകാരം എസ് ഐ കെ എം സുബിന്താണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ എസ് ഐമാരായ രാധാകൃഷ്ണന്‍, കെ കെ  രഘു, എ എസ് ഐ മിനിമോള്‍, സി പി ഒമാരായ മുരുകദാസ്, ഡാനിയല്‍ ഡാനി, ഹരികൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ് ഐ ബാബു എന്നിവരും പങ്കെടുത്തു. സിപിഎം പ്രവര്‍ത്തകനായ മാഹിനെ ആശുപത്രിയില്‍വച്ച് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതിയായ സതീഷ് ബിജെപി പ്രവര്‍ത്തകനാണ്. തവനൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച വരികയായിരുന്നു. നാളെ പരോൾ കഴിയാനിരിക്കുകയായിരുന്നു.