പാലക്കാട്: കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാക്കാൻ ലക്ഷ്യം വെച്ച് പിവി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്നും വൈകീട്ട് മൂന്നിനാണ് ഷോ ആരംഭിക്കുക. തുടർന്ന് ബസ്റ്റാന്റിൽ കൺവെൻഷൻ നടത്തും. രണ്ടായിരത്തോളം പേരെ ഷോയിൽ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം.
ഇന്നത്തെ റോഡ് ഷോയിൽ കൂടുതൽ പേരെ അണിനിരത്തി തന്റെ ശക്തി തെളിയിക്കുകയെന്നതാണ് അൻവർ ലക്ഷ്യം വെയ്ക്കുന്നത്. സി പി എം, കോൺഗ്രസ് നേതാക്കളെല്ലാവരും പരിപാടിയിൽ പങ്കെടുക്കുമെന്നും നേതൃത്വം പറയുന്നു. ഡി എം കെയുടെ സ്വാധീനം തെളിയിച്ചാൽ യു ഡി എഫിനോട് കൂടുതൽ ശക്തമായി വിലപേശുകയാണ് അൻവർ ലക്ഷ്യം വെയ്ക്കുന്നത്.

നേരത്തേ പിവി അൻവർ യു ഡി എഫിന് മുൻപിൽ ഒരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വെച്ചിരുന്നു. പാലക്കാട്ടെ സ്ഥാനാർത്ഥിയായ മിൻഹാജിനെ താൻ പിൻവലിക്കാമെന്നും അങ്ങനെയെങ്കിൽ ചേലക്കര തനിക്ക് നൽകണമെന്നുമാണ് അൻവർ ഉയർത്തിയ ആവശ്യം. ഇത് കോൺഗ്രസ് നേതൃത്വം തള്ളിയിരുന്നു. യു ഡി എഫുമായി വിലപേശാൻ ആരേയും അനുവദിക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. ചേലക്കര സ്ഥാനാർത്ഥിയെ തങ്ങൾ പിൻവലിക്കണമെന്ന് പറയാൻ മാത്രം അൻവർ ആയിട്ടില്ലെന്നും സതീശൻ തുറന്നടിച്ചു. ഈ സാഹചര്യത്തിൽ ഇന്നത്തെ റോഡ് ഷോ അൻവറിനെ സംബന്ധിച്ച് അഭിമാനപ്രശ്നമാണ്.
കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളാണ് മാത്തൂരും പിരായിരിയും. ഈ മേഖല കേന്ദ്രീകരിച്ചാണ് അൻവറിന്റെ പ്രവർത്തനം. റോഡ് ഷോയിൽ ഇവിടെ നിന്നുള്ള കോൺഗ്രസ് കുടുംബങ്ങൾ പങ്കെടുത്താൽ അത് പാർട്ടിക്ക് വലിയ തിരിച്ചടിയായിരിക്കും. അൻവർ പ്രതീക്ഷിക്കുന്ന നിലയ്ക്ക് പരിപാടിയിൽ ആളെത്തിയാൽ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് ഉയരും. ഇതിനോടകം തന്നെ വിമതശല്യത്തിൽ വലയുകയാണ് പാർട്ടി. അൻവർ കൂടി ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം അൻവറിനെ പ്രകോപിപ്പിച്ച് പാലക്കാട് കാര്യങ്ങൾ ബി ജെ പി അനുകൂലമാക്കാനുള്ള ശ്രമമാണ് വി ഡി സതീശൻ ചെയ്യുന്നതെന്നാണ് കോൺഗ്രസ് വിമതനായ എ കെ ഷാനിബ് കഴിഞ്ഞ ദിവസം തുറന്നടിച്ചത്. അനുനയിപ്പ് ചർച്ച നടത്തുന്നതിന് പകരം ബി ജെ പിയെ ജയിപ്പിക്കാനുള്ള മാർഗങ്ങളാണ് സതീശൻ പരിശോധിക്കുന്നതെന്നും ഷാനിബ് ആരോപിച്ചിരുന്നു.