ഒളിവിലായിരുന്ന നടൻ സിദ്ദിഖ് അഭിഭാഷകനെ കാണാൻ എത്തി. ബി രാമൻപിള്ളയുടെ കൊച്ചിയിലെ ഓഫീസിൽ എത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്. ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകിട്ട് സിദ്ദിഖ് രാമൻപിള്ളയുടെ ഓഫീസിൽ എത്തിയത്.
Also Read; നടി ശ്വേത മേനോനെ യുട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവം; ക്രൈം നന്ദകുമാർ അറസ്റ്റിൽ
തിങ്കളാഴ്ച സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ സിദ്ദിഖ് തൻറെ അഭിഭാഷകൻ ബി രാമൻ പിള്ളയെ കാണാനായി എത്തിയത്. കേസുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ ആലോചിക്കുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
രാമൻ പിള്ളയുടെ എറണാകുളം കച്ചേരിപ്പടിയിലുള്ള ഓഫീസിൽ എത്തിയ സിദ്ദിഖ് ഒരു മണിക്കൂറോളം കഴിഞ്ഞാണ് മടങ്ങിയത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സിദ്ദിഖ് യാതൊന്നും പ്രതികരിച്ചില്ല. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് സിദിഖ് ഒളിവിൽ പോയത്.
പിന്നീടാണ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതും സിദ്ദിഖിന് ഇടക്കാല മുൻകൂർ ജാമ്യം കിട്ടിയതും. അതേസമയം ബലാത്സംഗക്കേസില്‍ സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. തുടർ നടപടികൾ ആലോചിക്കാൻ പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്