രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


കോഴിക്കോട്: രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ ചേനോളി സ്വദേശി അജുവിനാണ് കൈക്ക് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഉള്ള്യേരി പാലോറ ബസ് സ്‌റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്. 

നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡരികിലെ മണ്‍തിട്ടയില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡോക്ടറും നഴ്‌സും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൂവരെയും മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജുവിന്റെ പരിക്ക് സാരമുള്ളതല്ല. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോയതായിരുന്നു ഇവര്‍. തിരികേ വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.