പാലക്കാട്: പാലക്കാട് കോൺഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡോ സരിൻ്റെയും ഷാനിബിൻ്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങൾ കാണിക്കുന്നതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു.

പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാർത്ഥി നിർണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോൺഗ്രസിന്റെ ഡീൽ വ്യക്തമായി, ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികൾക്ക് മേൽ അടിച്ചേൽപിച്ചുവെന്നും മുരളീധരൻ നിയമസഭയിലെത്തുന്നതിനെ സതീശൻ ഭയക്കുന്നുവെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറഞ്ഞു.

ലേഖനത്തിലുടനീളം സതീശനെ കടന്നാക്രമിച്ച എം വി ഗോവിന്ദൻ നിയമസഭയിൽ പ്രതിപക്ഷ നിരയിൽ നമ്പർ വൺ താനാണെന്ന് ഉറപ്പിക്കാനാണ് സതീശൻ സുധാകരനെ പാർലമെൻ്റിലേക്കയച്ചതെന്നും ആരോപിച്ചു, മുരളീധരൻ നിയമസഭയിലെത്തിയാൽ തൻ്റെ അപ്രമാദിത്വം തകരുമെന്ന് സതീശൻ ഭയപ്പെടുന്നു, മുരളീധരൻ വന്നാൽ സതീശന് ബിജെപിയുമായുള്ള ഡീൽ പാലിക്കാനാവില്ല.

പാലക്കാട് ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്നും ഗോവിന്ദൻ പറഞ്ഞു. ഇ ശ്രീധരന് ലഭിച്ച വോട്ട് ഇപ്പോഴത്തെ ബിജെപിക്കും ഷാഫി പറമ്പിലിന് ലഭിച്ച വോട്ട് കോൺഗ്രസിനും ലഭിക്കില്ലെന്ന് പറഞ്ഞ ഗോവിന്ദൻ പാലക്കാടും ചേലക്കരയിലും എൽഡിഎഫ് വൻ വിജയം നേടുമെന്ന് പറഞ്ഞാണ് ലേഖനം നിർത്തുന്നത്.