ഇന്ത്യന്‍ സൈന്യത്തിലെ മികവുറ്റ നായ ഫാന്റമിന് ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനിടയില്‍ വീരമൃത്യു. ജമ്മു കശ്മീരിലെ സുന്ദര്‍ബനി സെക്ടറിലെ ആസാനിനടുത്ത് തിങ്കളാഴ്ച ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കെ വെടിയേറ്റാണ് ജീവന്‍ നഷ്ടമായത്.
ജമ്മു കാശ്മീരിലെ സുന്ദര്‍ബനി സെക്ടറിലെ ആസാനിനടുത്ത് സൈനിക വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന് ശേഷം ഒരു ഓപ്പറേഷനില്‍ കുടുങ്ങിയ ഭീകരര്‍ നടത്തിയ വെടിവെയ്പ്പിലായിരുന്നു ഫാന്റമിന് ജീവന്‍ നഷ്ടമായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ വൈറ്റ് നൈറ്റ് കോര്‍പ്സ് ആര്‍മി നായയുടെ ചരമവാര്‍ത്ത അറിയിച്ചു.
സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ ആരംഭിച്ചിരുന്നു. ''നമ്മുടെ യഥാര്‍ത്ഥ നായകന്റെ പരമമായ ത്യാഗത്തെ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു-ഒരു ധീരനായ ഇന്ത്യന്‍ ആര്‍മി ഡോഗ്, ഫാന്റം.'' വൈറ്റ് നൈറ്റ് കോര്‍പ്‌സ് എക്‌സില്‍ എഴുതി. ''നമ്മുടെ സൈന്യം കുടുങ്ങിയ ഭീകരര്‍ക്കെതിരെ അടുക്കുമ്പോള്‍, ഫാന്റത്തിന് നേരെ ശത്രുക്കള്‍ വെടിയുതിര്‍ത്തു. മാരകമായ പരിക്കുകള്‍ ഏറ്റുവാങ്ങി. അദ്ദേഹത്തിന്റെ ധൈര്യവും വിശ്വസ്തതയും അര്‍പ്പണബോധവും ഒരിക്കലും മറക്കാനാവില്ല.'' കൂട്ടിച്ചേര്‍ത്തു.
ബെല്‍ജിയം മാലിനോയിസ് എന്ന നായ 2020 മെയ് 25 നാണ് ജനിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് മറ്റ് രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കരുതുന്നു. ബത്തലിലെ ജോഗ്വാന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ശിവസ്സന്‍ ക്ഷേത്രത്തിന് സമീപം രാവിലെ 7.25 ഓടെയാണ് പോലീസ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ മരണങ്ങളൊന്നും ഇതുവരെ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യന്‍ ആര്‍മിയുടെ ബിഎംപി-2 ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങളും ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിന് സമീപം നിരീക്ഷണം നടത്താനും വലയം ശക്തിപ്പെടുത്താനും സൈന്യം തങ്ങളുടെ നാല് ബിഎംപി-2 ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങളും ഉപയോഗിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.