@ameen white
കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് അന്വേഷണം. ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്താലാണ് പ്രസവം നടത്തിയതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്. ചെന്നൈ സ്വദേശികളായ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് അന്വേഷണവുമായി പോലീസും സജീവമായത്.
36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യയും 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്‍റെ പ്രസവത്തിനായി 'ഹോം ബർത്ത് എക്സ്പീരിയൻസ്' എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം വീടുകളിൽ തന്നെ എങ്ങനെ പ്രസവം നടത്താമെന്ന് അംഗങ്ങളെ ഉപദേശിക്കുന്ന പോസ്റ്റുകളും ചിത്രീകരണങ്ങളുമാണ് ഈ ഗ്രൂപ്പിൽ പങ്കുവെക്കപ്പെടുന്നത്. ഈ വാട്സ്ആപ്പ് ഗ്രൂപ്പിനെ കുറിച്ച് കേട്ടറിഞ്ഞ ദമ്പതികൾ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്‍റെ ജന്മദിനത്തിനായി ഈ ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. എട്ടും നാലും വയസ്സുള്ള മറ്റ് രണ്ട് പെൺകുട്ടികൾ കൂടി ഇവർക്കുണ്ട്. മൂന്നാമതും സുകന്യ ഗർഭിണിയായപ്പോൾ ഇവർ വൈദ്യ പരിശോധന പൂർണമായും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്രസവ കാലഘട്ടത്തിൽ ഒരിക്കൽ പോലും ഇവർ വൈദ്യസഹായം തേടിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നവംബർ 17 -ന് സുകന്യക്ക് പ്രസവവേദന ഉണ്ടായപ്പോഴും ആശുപത്രിയിൽ പോകാതെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ദമ്പതികൾ തീരുമാനിച്ചു. മനോഹരൻ തന്നെയാണ് പ്രസവം കൈകാര്യം ചെയ്തതെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അപകടകരവും അശാസ്ത്രീയവുമായ രീതിയിൽ കുഞ്ഞിന്‍റെ ജനനത്തിന് സാഹചര്യം ഒരുക്കിയ ദമ്പതികൾക്കെതിരെ പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസറാണ് കുന്ദ്രത്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നിർദിഷ്ട മെഡിക്കൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് ദമ്പതികളുടെ ഈ പ്രവർത്തിയെന്നാണ് പരാതിയിൽ പറയുന്നത്.