വീണ്ടും 'കനിവി'ന്‍റെ ആശുപത്രിയായി '108'; അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നൽകി


വീണ്ടും 'കനിവി'ന്‍റെ ആശുപത്രിയായി '108'; അതിഥി തൊഴിലാളിയായ യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നൽകി


കോഴിക്കോട്: ആസാം സ്വദേശിയും ഗര്‍ഭിണിയുമായ അതിഥി തൊഴിലാളി കനിവ് 108 ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നൽകി. മുക്കം കുമാരനല്ലൂര്‍  മുരിങ്ങപുറായി മസ്ജിദിന് സമീപം  താമസിക്കുന്ന യുവതിയാണ് ഇന്നലെ രാത്രി 10.30ഓടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ കൂടെയുണ്ടായിരുന്നവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. 

കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഉടന്‍ തന്നെ സന്ദേശം മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിന് കൈമാറി. സന്ദേശം ലഭിച്ച ഉടന്‍ തെന്നെ ഡ്രൈവര്‍ കെ ഡിജില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ പിആർ രാഗേഷ് എന്നിവര്‍ സ്ഥലത്തെത്തുകയും യുവതിയെ ആംബുലന്‍സില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ രാഗേഷ് പരിശോധിച്ചതിനെ തുടര്‍ന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് യുവതിക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് ബോധ്യമാവുകയായിരുന്നു. 

തുടര്‍ന്ന് ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. രാത്രി 11.10ഓടെ രാഗേഷിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും രാഗേഷ് പ്രഥമ ശുശ്രൂഷ നല്‍കി. ഉടന്‍ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.