ആലപ്പുഴ: കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 15ന് വൈകിട്ട് നാല് മണിക്ക് സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സംഘാടക സമിതി ചെയർമാൻ കൂടിയായ മന്ത്രി സജി ചെറിയാൻ, പി പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.
നഗരത്തിലെ അഞ്ച് സ്‌കൂളുകളാണ് പ്രധാന വേദികളാവുക. ലിയോതേർട്ടീന്ത് ഹൈസ്‌കൂൾ, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്‌കൂൾ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, എസ്.ഡി.വി.ബോയ്‌സ്, ഗേൾസ് എന്നീ സ്‌കൂളുകളിലെ പ്രത്യേകം സജ്ജമാക്കിയ വേദികളിലായാണ് മേള നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് ജോസഫ് ഹൈസ്‌കൂളിൽ സാമൂഹികശാസ്ത്ര, ഐടി മേളകളും, ലിയോ തേർട്ടീന്ത് സ്‌കൂളിൽ ശാസ്ത്രമേളയും, ലജ്ജനത്തുൽ മുഹമ്മദീയ ഹൈസ്‌കൂളിൽ ഗണിതശാസ്ത്രമേളയും, പ്രവർത്തി പരിചയമേള എസ്.ഡി.വി.ബോയ്‌സ്,ഗേൾസ് സ്‌കൂളുകളിലും ആണ് നടക്കുന്നത്. കൂടാതെ കരിയർ സെമിനാർ, കരിയർ എക്‌സിബിഷൻ,നിരവധി കലാപരിപാടികൾ തുടങ്ങിയവും ലിയോ തേർട്ടീന്ത് സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ വേദികളിലായി നടക്കും.
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതിയുടെ നാമഥേയത്തിൽ എഡ്യുക്കേഷൻ മിനിസ്‌റ്റേഴ്‌സ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. 5,000 ത്തോളം വിദ്യാർത്ഥികൾ 180 ഓളം ഇനങ്ങളിലായാണ് സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. സബ്ജില്ലകളിൽ നിന്ന് ഒന്നാം സ്ഥാനം നേടി റവന്യൂ ജില്ലകളിൽ പങ്കെടുത്ത് അവിടുന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി എത്തുന്ന വിദ്യാർത്ഥികൾ ആണ് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ പ്രതിഭകളായി പങ്കെടുക്കുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു രാവിലെ ഒമ്പതു മണിക്ക് പതാക ഉയർത്തുന്നതോടെ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ നവംബർ-15 ന് പ്രധാന വേദിയായ സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ആരംഭിക്കും. നവംബർ 15-ന് വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രിപിണറായി വിജയൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ സജി ചെറിയാൻ, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളാകും.
ജില്ലയിലെ എംപിമാർ, എംഎൽഎമാർ, വിവിധ ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർ പങ്കെടുക്കും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു നന്ദിയും രേഖപ്പെടുത്തും. മേളയോടനുബന്ധിച്ച് എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ അരങേറും.
നവംബർ 15 ന് വൈകിട്ട് അഞ്ച് മണിക്ക് ഇപ്റ്റ നാട്ടരങ്ങും നവംബർ 16-ന് ശനിയാഴ്ച രണ്ടുമണി മുതൽ സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ.ജിതേഷ്.ജിയുടെ ശാസ്ത്രദർശൻ വരയരങ്ങും നടക്കും. അന്നേ ദിവസം 7.30 മുതൽ കേരള കലാമണ്ഡലം അവതരിപ്പിയ്ക്കുന്ന രംഗ്മാല സെന്റ് ജോസഫ്‌സ് എച്ച്.എസിൽ നടക്കും. നവംബർ 17, അഞ്ച് മണിക്ക് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻപാട്ടും നടക്കും.
ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി വി.എച്ച്.എസ് ഇ എക്‌സ്‌പോയും നടക്കും, നവംബർ 16-ന് രാവിലെ 10 ന് ശാസ്ത്ര സംവാദത്തിൽ ഐ എസ് ആർ ഒ ചെയർമാൻ ഡോ.എസ്. സോമനാഥ്, മൂന്ന് മണിക്ക് ഇന്ത്യാ മിസൈൽ വുമൺ ഡോ.ടെസ്സി തോമസ് തുടങ്ങിയവർ ക്ഷണിക്കപ്പെട്ട വിദ്യാർത്ഥികളുമായി ശാസ്ത്രസംവാദം നടത്തും. നവംബർ 17-ന് 10 മണിക്ക് ഗഗൻയാൻ പ്രോജക്ട് ഡയറക്ടർ ഡോ.എം.മോഹനൻ, ഉച്ചക്ക് രണ്ടു മണിക്ക് ടെക്ജെന്‍ഷ്യ സി.ഇ.ഒ. ജോയി സെബാസ്റ്റ്യൻ എന്നിവർ സെന്റ് ജോസഫ്‌സ് എച്ച്.എസിൽ വിദ്യാർത്ഥികളോട് സംവദിക്കും.
വിവിധ ജില്ലകളിൽ നിന്നും ശാസ്‌ത്രോത്സവത്തിൽ പങ്കെടുക്കുവാൻ എത്തുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും സ്വീകരിക്കുന്നതിന് ട്രാൻസ്‌പോർട്ട് കമ്മറ്റിയുടെ കീഴിൽ റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പ്രത്യേകം സഹായകേന്ദ്രങ്ങൾ പ്രവർത്തിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അനുഗമിക്കുന്ന അധ്യാപകർക്കും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സൗകര്യം ചെയ്തുതന്ന കണിച്ചുകുളങ്ങര ക്ഷേത്രം വക ചിക്കര കേന്ദ്രത്തിലും, ആലപ്പുഴ നഗരത്തിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലുമായി താമസ സൗകര്യം ഒരുക്കും. താമസ സ്ഥലത്ത് നിന്ന് വേദികളിൽ എത്തിപ്പെടാൻ റൂട്ട് മാപ്പ് തയ്യാറാക്കി സ്‌കാൻ ചെയ്ത് പ്രത്യേകം നൽകും. ഒരു ദിവസം ശരാശരി 1500 വിദ്യാർത്ഥികൾക്കും അനുഗമർക്കും താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. താമസ സ്ഥലത്തു നിന്ന് വേദികളിൽ എത്താൻ പ്രത്യേകം വാഹനം സജ്ജമാക്കിയിട്ടുണ്ട്.ശാസ്ത്രമേളയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. ലജനത്തുൽ മുഹമ്മദീയ സ്‌കൂളിലെ പാചകപ്പുരയിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാല നാല് ദിനവും പ്രവർത്തിക്കുന്നത്.
ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഉൽപ്പാദന സേവന കേന്ദ്രങ്ങളിലൂടെ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവന പ്രവർത്തനങ്ങളുടെയും പ്രദർശനമാണ് വൊക്കേഷണൽ എക്‌സ്‌പോ. റീജിയണൽ തലത്തിൽ നടന്ന മത്സരങ്ങളിലെ വിജയികളാണ് പങ്കെടുക്കുന്നത്. ഒരു റീജിയണിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 ടീം വീതം ഏഴ് റീജിയണുകളിലായി 84 ടീമുകളാണ് മത്സരത്തിന് ഹയർ സെക്കന്ററി വിഭാഗത്തിൽ എത്തുന്നത്.
കരിക്കുലവുമായി ബന്ധപ്പെട്ട പ്രോഫിറ്റബിൾ, മാർക്കറ്റബിൾ, ഇന്നവേറ്റീവ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. അഗ്രികൾച്ചർ, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, പാരാ മെഡിക്കൽ, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ വിവിധ മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ഹയർ സെക്കന്ററി വിഭാഗത്തിലെ മത്സരാർത്ഥികൾ. പ്രദർശനത്തോടൊപ്പം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടാകും. മത്സരങ്ങളുടെ മൂല്യനിർണ്ണയശേഷം വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനത്തിനും പ്രദർശനം കാണാൻ അവസരമുണ്ടാകും.