റിയാദ്: റിയാദ് മെട്രോ ഈ മാസം 27 ന് (ബുധനാഴ്ച) പ്രവർത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ് റോഡിനും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ് ആദ്യം ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്.
അവശേഷിക്കുന്ന മൂന്ന് ലൈനുകളിൽ ഡിസംബർ അഞ്ച് മുതൽ ട്രെയിൻ സർവിസ് ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ് ബിൻ അബ്ദുൽ റഹ്മാൻ അൽ അവ്വൽ റോഡിനും സമാന്തരമായ ഓറഞ്ച് ലൈൻ, റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്നുള്ള യെല്ലോ ലൈൻ, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ലൈൻ എന്നിവയിലൂടെ ബാക്കി ട്രെയിനുകൾ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയിൽ പദ്ധതി പൂർണമാവും. റിയാദ് സിറ്റി റോയൽ കമീഷനാണ് മെട്രോയുടെ നടത്തിപ്പുകാർ.
ടിക്കറ്റ് നിരക്ക് ഉടൻ പ്രഖ്യാപിക്കും. തുടക്കത്തിൽ ടിക്കറ്റ് നിരക്കിൽ 20 മുതല്‍ 30 ശതമാനം ഇളവ് ഏർപ്പെടുത്തിയേക്കും. റിയാദ് ബസ് സർവിസിൽ ഉപയോഗിക്കുന്ന ദർബ് കാർഡുകളും ബാങ്കുകളുടെ എ.ടി.എം കാർഡുകളും ഉപയോഗിച്ച് ടിക്കറ്റ് എടുക്കാൻ അനുവദിച്ചേക്കും. ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള മെട്രോ റെയിൽ പദ്ധതിയാണ് റിയാദിലേത്. ആറ് ലൈനുകളിലായി 176 കിലോമീറ്റർ ദൈർഘ്യമാണ് ആകെയുള്ളത്. ഇതിൽ 46.3 കിലോമീറ്റർ ഭൂമിക്കടിയിലൂടെയാണ്. ഇതിൽ 35 കിലോമീറ്റർ തുരങ്ക പാത ഒലയ-ബത്ഹ-അൽ ഹൈർ ബ്ലൂ ലൈനിലാണ്. 176 കിലോമീറ്റർ പാതക്കിടയിൽ ആെക 84 മെട്രോ സ്റ്റേഷനുകളുണ്ട്. അതിൽ മൂന്നെണ്ണം ഏറ്റവും വലുതാണ്.