പനാമ: ആകാശത്ത് വെച്ച് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മര്‍ദ്ദനം. കോപ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.
ചൊവ്വാഴ്ച ബ്രസീലില്‍ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം ഉണ്ടായതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിശ്ചയിച്ച സമയത്ത് തന്നെ വിമാനം പുറപ്പെട്ടു. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരന്‍ തന്‍റെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കത്തിയുമെടുത്ത് വിമാനത്തിന്‍റെ പിന്നിലേക്ക് ഓടി. ക്യാബിന്‍ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികര്‍ ശ്രമിക്കുകയും ഇവര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു. എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ ഇയാളെ വിമാനത്തിലെ അധികൃതരെത്തി വിലങ്ങ് അണിയിക്കാന്‍ ശ്രമിക്കുന്നത് കാണാം. ഇയാളുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. മുഖത്ത് രക്തം ഒഴുകുന്നത് കാണാം.
മുന്നറിയിപ്പ് അവഗണിക്കാതെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ യാത്രക്കാരന്‍ ശ്രമിച്ചതോടെ ഇയാളെ കീഴ്പ്പെടുത്താന്‍ മറ്റ് യാത്രക്കാരും ശ്രമിച്ചു. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടിയാണ് യുവാവിനെ മറ്റ് യാത്രക്കാര്‍ മര്‍ദ്ദിച്ചതെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. പനാമയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം ദേശീയ സുരക്ഷാ സംഘം വിമാനത്തിനുള്ളിലേക്ക് കയറി പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പിടികൂടിയതായി കോപ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഒന്നിച്ച് നിന്ന് നിയന്ത്രിച്ച ക്രൂ അംഗങ്ങളെയും യാത്രക്കാരെയും എയര്‍ലൈന്‍സ് പ്രശംസിച്ചു.