ദമ്പതികളെ കൊല്ലുമെന്ന് ഭീഷണി പിന്നാലെ മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; 3 വര്‍ഷമായി ഒളിവിൽ, യുവാവ് പിടിയിൽ

ദമ്പതികളെ കൊല്ലുമെന്ന് ഭീഷണി പിന്നാലെ മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; 3 വര്‍ഷമായി ഒളിവിൽ, യുവാവ് പിടിയിൽ


കോഴിക്കോട്: മാറാട് സ്വദേശികളായ ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. മാറാട് പൊട്ടം  കണ്ടിപ്പറമ്പ് കടവത്ത് ഹൗസില്‍ കൊണ്ടാരം സുരേഷി(40)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊട്ടംകണ്ടിപറമ്പ് ലക്ഷ്മി നിലയത്തില്‍ വിനീഷ്, ഭാര്യ ബിന്‍സി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. 2021 ഒക്ടോബര്‍ 26നായിരുന്നു സംഭവം നടന്നത്. വിനീഷിന്റെയും ബിന്‍സിയുടെയും മകനെ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാറാട് പൊലീസ് കേസ് എടുക്കുകയും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതെ ഇയാള്‍ മുങ്ങുകയായിരുന്നു. 

സുരേഷ് അരക്കിണര്‍ ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പിടിയിലായത്. മാറാട്, നല്ലളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ അടിപിടി കേസുകള്‍ നിലവിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.