ഫാമിലി എക്‌സ്‌പ്രസ്‌: കെഎസ്‌ആർടിസിയിൽ പുതുചരിത്രം കുറിച്ച് അമ്മയും മകനും

ഫാമിലി എക്‌സ്‌പ്രസ്‌: കെഎസ്‌ആർടിസിയിൽ പുതുചരിത്രം കുറിച്ച് അമ്മയും മകനും


തിരുവനന്തപുരം> കണ്ണമ്മൂല–- മെഡിക്കൽ കോളേജ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കയറുന്നവർക്ക് ഇനിയൊരു കൗതുകക്കാഴ്ചയുണ്ട്. സ്വിഫ്റ്റ് സർവീസിലെ ആദ്യ വനിതാ ജീവനക്കാരിയായ യമുനയാണ് ബസിലെ കണ്ടക്ടർ, ഡ്രൈവറാകട്ടെ മകൻ ശ്രീരാഗും. കെഎസ്ആർടിസിയിൽ പുതുചരിത്രം രചിക്കുകയാണ് ഈ അമ്മയും മകനും.

യമുനയുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു മകൻ സ്വിഫ്റ്റ് ബസിൽ ഡ്രൈവറാകണമെന്ന്. യമുനയ്ക്ക് ആനവണ്ടിയോടുള്ള ഇഷ്ടമാണ് ആഗ്രഹത്തിനുപിന്നിൽ. ഡ്രൈവർ നിയമനം നടത്തുന്നതറിഞ്ഞ് യമുനയാണ് അപേക്ഷ നൽകിയതും. പതിനഞ്ച് വർഷമായി കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടറായ യമുന 2022ലാണ് സ്വിഫ്റ്റ് ബസിൽ ജീവനക്കാരിയാകുന്നത്. ഞായർ മുതൽ ശ്രീരാഗും ബസിൽ ഡ്രൈവറായി എത്തി. ശ്രീരാഗിന് കഴിഞ്ഞ ആഴ്ചയാണ് സ്വിഫ്റ്റിൽ നിയമനം ലഭിച്ചത്. അമ്മയ്ക്കൊപ്പം ആദ്യ ഡ്യൂട്ടി ചെയ്യണമെന്ന ശ്രീരാഗിന്റെ സ്വപ്നം സിറ്റി എടിഒ സി പി പ്രസാദ് ഇടപെട്ട് സാക്ഷാൽക്കരിക്കുകയായിരുന്നു.

""കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇതേ റൂട്ടിൽ സർവീസ് നടത്തുന്നതിനാൽ യാത്രക്കാരിൽ ഏറെയും പരിചയമുള്ളവരാണ്. ഡ്രൈവർ മകനാണെന്ന് അറിഞ്ഞപ്പോൾ യാത്രക്കാർക്ക് കൗതുകമായി. പലരും മധുരം നൽകി സ്വാഗതം ചെയ്തു. വൈദ്യുത വാഹനമായതിനാൽ തുടക്കത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് വളയം അവന്റെ കൈയിൽ സുരക്ഷിതമായി''– യമുന പറയുന്നു.

27കാരനായ ശ്രീരാഗ് വനം വകുപ്പിൽ താൽക്കാലിക ഡ്രൈവറായിരുന്നു. കണ്ടക്ടർ ലൈസൻസുള്ള ശ്രീരാഗിന് ഡ്രൈവറായി ജോലി ചെയ്യാനാണ് ഇഷ്ടം. വർക്ഷോപ് ജീവനക്കാരനായ ആര്യനാട് ശ്രീരാഗ് ഭവനിൽ രാജേന്ദ്രൻ ആശാരിയാണ് യമുനയുടെ ഭർത്താവ്. മറ്റൊരു മകൻ സിദ്ധാർഥ് മുട്ടത്തറ എൻജിനിയറിങ് കോളേജിലെ താൽക്കാലിക ജീവനക്കാരനാണ്