ഇരുകൂട്ടർക്കും ആത്മാർഥതയില്ല'; ഇസ്രായേൽ-ഹമാസ് ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് ഖത്തർ പിന്മാറി

'ഇരുകൂട്ടർക്കും ആത്മാർഥതയില്ല'; ഇസ്രായേൽ-ഹമാസ് ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന് ഖത്തർ പിന്മാറി


ദുബായ്: ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ, ബന്ദിമോചന ചർച്ചയുടെ മധ്യസ്ഥതയിൽ നിന്ന ഖത്തർ പിന്മാറിയതായി റിപ്പോർട്ട്. പിന്മാറ്റം ഇസ്രായേലിനെയും ഹമാസിനെയും അറിയിച്ചു. യുഎസിനെയും ബോധ്യപ്പെടുത്തി. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവർത്തിക്കില്ലെന്നും ഖത്തർ അറിയിച്ചിട്ടുണ്ട്.

ഇസ്രായേലും ഹമാസും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ആരോപിച്ചാണ് നിർണായക സ്ഥാനത്തുനിന്ന് ഖത്തറിന്റെ പിന്മാറ്റം. ഇതോടെ സമാധാന നീക്കം വീണ്ടും പ്രതിസന്ധിയിലായി. ആത്മാർഥതയോടെ ചർച്ചയിൽ പങ്കെടുക്കാൻ ഇരുപക്ഷവും തയാറാകാത്തിടത്തോളം കാലം മധ്യസ്ഥ ചർച്ചക്ക് അർഥമില്ലെന്നും അതുകൊണ്ടുതന്നെ തുടരാനാവില്ലെന്നും ഖത്തർ നയതന്ത്ര വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.


ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചർച്ച നടത്തുകയാണ്. എന്നാൽ, ഇതുവരെ ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാലാവധി അവസാനിക്കാനിരിക്കെ, ഈ ആഴ്‌ചയിലെ യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി, പുതിയ ഉപാധികൾ കണ്ടെത്താനായി യുഎസും ഖത്തറും കഴിഞ്ഞ മാസം ചർച്ചകൾ പ്രഖ്യാപിച്ചു. എന്നാൽ ഈ നീക്കത്തിനും ഫലം കണ്ടില്ല.