ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം: ഷാഹി ജമാ മസ്ജിദിൽ സർവേക്കെത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ കല്ലേറ്
ദില്ലി: ഉത്തർ പ്രദേശിലെ സംബാലിൽ സംഘർഷം. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പോലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാർ ചില വാഹനങ്ങൾക്കും തീയിട്ടു. തുടർന്ന് പോലീസ് ലാത്തിചാർജ് നടത്തി, കണ്ണീർ വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞാൽ കർശന നടപടി എടുക്കും എന്ന് ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ മുന്നറിയിപ്പ് നൽകി. ഉച്ചയോടെ സർവേ നടപടികൾ അഭിഭാഷക കമ്മീഷൻ പൂർത്തിയാക്കി. മുഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് ഷാഹി ജമാ മസ്ജിദ് സ്ഥാപിച്ചത് എന്നവകാശപ്പെട്ട് ഒരു അഭിഭാഷകൻ നൽകിയ ഹർജിയിൽ ആണ് സംബാൽ ജില്ലാ കോടതി സർവേ നടത്താൻ ഉത്തരവിട്ടത്.