ഒരു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; പരിധി വിട്ട് അഭ്യൂഹങ്ങൾ; ഒടുവിൽ പ്രതികരിച്ച് എആർ റഹ്മാൻ

ഒരു മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം; പരിധി വിട്ട് അഭ്യൂഹങ്ങൾ; ഒടുവിൽ പ്രതികരിച്ച് എആർ റഹ്മാൻ

@ameen white

രണ്ട് ദിവസം മുൻപ് തന്റെ വിവാഹമോചന വാർത്ത സംഗീത സംവിധായകനായ എആർ റഹ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഭാര്യയായിരുന്ന സൈറാബാനുവുമൊത്ത് സംയുക്ത പ്രസ്താവനയായി അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിന് മണിക്കൂറുകൾക്കകം തന്നെ റഹ്മാന്റെ ട്രൂപ്പിലെ ​ഗിറ്റാറിസ്റ്റായ മോഹിനി ഡേയും വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു. ഇതോടെ റഹ്‌മാൻ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിൽ ചർച്ചകളുയരുകയായിരുന്നു. എന്നാൽ മോഹിനിയും, റഹ്‌മാന്റെ മക്കളുമെല്ലാം ഈ അഭ്യൂഹങ്ങളെ തള്ളിക്കളയുകയും വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ തന്നെക്കുറിച്ച് അപവാദപ്രചരണം നടത്തിയവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നിരിക്കുകയാണ് എആർ റഹ്‌മാൻ.

Also Read; ഇത് മൂന്ന് കോടിയുടെ ‘ഓട്ടോബയോഗ്രാഫി’; പുതിയ റേഞ്ച് റേവർ സ്വന്തമാക്കി കത്രീന കൈഫ്സൈ

നർമദാ സമ്പത്ത് അസോസിയേറ്റ്സ് ആൻഡ് അഡ്വൊക്കേറ്റ്സ് ആണ് എആർ റഹ്‌മാന്‌ വേണ്ടി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. വിവാഹ മോചനവാർത്ത അറിയിച്ചതിനുപിന്നാലെ നിരവധി അഭ്യുദയകാംക്ഷികൾ റഹ്‌മാനോട് സങ്കടമറിയിച്ചും അദ്ദേഹത്തിന്റെ പ്രതിസന്ധിയിൽ പിന്തുണയറിയിച്ചും എത്തി. എന്നാൽ ചില സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളാണ് റഹ്‌മാന്റെ സ്വകാര്യജീവിതത്തേക്കുറിച്ച് സാങ്കൽപ്പികവും അപകീർത്തികരവുമായ കഥകൾ എഴുതാനാരംഭിച്ചെന്ന് നോട്ടീസിൽ പറയുന്നു. റഹ്‌മാന്റെ ദാമ്പത്യത്തകർച്ചയെക്കുറിച്ച് പറയുന്ന അടിസ്ഥാനരഹിതമായ അഭിമുഖങ്ങളും പ്രചരിച്ചവയിലുണ്ടായിരുന്നു.

“തന്റെ പ്രശസ്തിയെയും കുടുംബത്തേയും ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രോ​ഗ്രാമിലും, അശ്ലീല ഉള്ളടക്കങ്ങൾ ആരോപിക്കുന്ന അഭിമുഖങ്ങളിലും സത്യത്തിൻ്റെ ഒരു കണികയുമില്ലെന്ന് അറിയിക്കാൻ റഹ്മാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത് എൻ്റെ കക്ഷിയുടെ പ്രശസ്തിക്ക് ഹാനി വരുത്താൻ ഉദ്ദേശിക്കുന്ന സോഷ്യൽ മീഡിയ വ്യക്തികൾ അവരുടെ പ്രൊഡക്ഷനുകൾക്കായി പട്ടിണി കിടക്കുകയാണെന്നും, കുറഞ്ഞ കാലത്തെ പരസ്യത്തിനായി റഹ്മാനെ അപകീർത്തിപ്പെടുത്താൻ സാങ്കൽപ്പികവും വ്യാജവുമായ കഥകൾ കെട്ടിച്ചമയ്ക്കുകയുമാണ്.

അടുത്ത ഒരു മണിക്കൂറിനുള്ളിൽ, അല്ലെങ്കിൽ പരമാവധി 24 മണിക്കൂറിനുള്ളിൽ വിദ്വേഷകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് അറിയിക്കുകയാണ്. അല്ലാത്തപക്ഷം 2023-ലെ ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 356 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും”, ഇതാണ് വക്കീൽ നോട്ടീസിന്റെ ഉള്ളടക്കം.

Also Read; ഷക്കിറയുടെ പർപ്പിൾ ലംബോർഗിനി ഇനി ആരാധകർക്ക് സ്വന്തമാക്കാം; ആരാധകർക്ക് സ്വന്തം വണ്ടി സമ്മാനിക്കാനൊരുങ്ങി ഗായിക ഷക്കിറ

എആർ റഹ്‌മാനുമായി ബന്ധപ്പെട്ട് വന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ കഴിഞ്ഞദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരം ​ഗോസിപ്പുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ് എആർ റഹ്‌മാന്റെ മകൻ അമീനും രംഗത്തുവന്നു. എആർ റഹ്‌മാൻ ഒരു ഇതിഹാസ കലാകാരൻമാത്രമല്ല. ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകൾ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീൻ പ്രതികരിച്ചത്. അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികൾ അത് പ്രചരിപ്പിക്കുമെന്നും അൽപന്മാർ അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്‌മാന്റെ മക്കളായ കദീജയും റഹീമയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്