വിശ്വാസ്യത നഷ്ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു

വിശ്വാസ്യത നഷ്ടപ്പെട്ടു; ഇസ്രയേൽ പ്രതിരോധമന്ത്രിയെ പുറത്താക്കി നെതന്യാഹു


ടെൽ അവീവ് > ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ​ഗാലന്റിനെ സ്ഥാനത്ത് നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു. ഗാലൻറിൻറെ വിശ്വാസ്യതക്ക് കോട്ടം തട്ടിയെന്നും സൈനിക ഓപ്പറേഷനുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്നും അതിനാൽ പുറത്താക്കുകയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

നിലവിലെ വിദേശകാര്യമന്ത്രി ഇസ്രയേൽ കാറ്റ്സ് പുതിയ പ്രതിരോധമന്ത്രിയാകും. കാറ്റ്സിന് പകരം ഗിഡിയോൻ സാർ പുതിയ വിദേശകാര്യ മന്ത്രിയാകും. ​ഗാലന്റിന് നിരവധി വീഴ്ചകൾ സംഭവിച്ചെന്ന് നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഗാസയിലെയും ലബനനിലെയും യുദ്ധങ്ങൾ സംബന്ധിച്ച് താനും ഗാലൻറും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഇടയിലുണ്ടാകേണ്ട വിശ്വാസം പൂർണമായി ഇല്ലാതായതിനാലാണ് നടപടിയെന്നും കുറിപ്പിൽ വ്യക്തമാക്കി. ഇസ്രയേലിന്റെ സുരക്ഷയ്ക്കാണ് എല്ലായ്പ്പോഴും മുൻഗണന നൽകിയതെന്നും അത് തുടരുമെന്നും പുറത്താക്കിയതിന് പിന്നാലെ ഗലാന്റ് എക്സിൽ കുറിച്ചു.