പേരിനൊപ്പം ഹാനോയിയെന്ന വാല്‍ ചേര്‍ത്തത് സോഷ്യല്‍ മീഡിയയിലൂടെ ഉത്തരേന്ത്യക്കാരെ സുഹൃത്തുക്കളാക്കാന്‍; നാട്ടില്‍ ആരവിന് ബന്ധങ്ങളില്ല; പിതാവ് മരിച്ചതോടെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു; അസം സ്വദേശിനിയെ വകവരുത്തിയ ആരവിനെ കൊലയാളിയാക്കിയത് ജീവിത സാഹചര്യങ്ങള്‍

പേരിനൊപ്പം ഹാനോയിയെന്ന വാല്‍ ചേര്‍ത്തത് സോഷ്യല്‍ മീഡിയയിലൂടെ ഉത്തരേന്ത്യക്കാരെ സുഹൃത്തുക്കളാക്കാന്‍; നാട്ടില്‍ ആരവിന് ബന്ധങ്ങളില്ല; പിതാവ് മരിച്ചതോടെ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടു; അസം സ്വദേശിനിയെ വകവരുത്തിയ ആരവിനെ കൊലയാളിയാക്കിയത് ജീവിത സാഹചര്യങ്ങള്‍



































കണ്ണൂര്‍: ബെംഗളൂരു നഗരത്തില്‍ അസം സ്വദേശിനിയായ വ്‌ളോഗര്‍ യുവതിയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ തോട്ടട കിഴുന്ന പാറ സ്വദേശിയായ ആരവ് ഹനോയിക്ക് നാട്ടില്‍ പറയത്തക്ക ബന്ധങ്ങളില്ലെന്ന് പൊലിസ്. തോട്ടട കിഴുന്നപ്പാറയിലെ അമ്മയുടെ വീട്ടില്‍ ആരവ് വല്ലപ്പോഴും മാത്രമേ വരാറുള്ളുവെന്നാണ് നാട്ടുകാരും പറയുന്നത്.

വീട്ടില്‍ മുത്തച്ഛന്‍ മാത്രമേ താമസിക്കുന്നുള്ളു. കാന്‍സര്‍ രോഗബാധിതനായ അദ്ദേഹം ചികിത്സയിലാണ്. അമ്മയുടെ സഹോദരി കിഴുന്നയുടെ സമീപ പ്രദേശമായ വട്ടക്കുളത്ത് താമസിക്കുന്നുണ്ട്. എന്നാല്‍ 21 വയസുകാരനായ ആരവിന് ഇവരുമായി അടുപ്പമുണ്ടായിരുന്നില്ല. തകര്‍ന്ന കുടുംബപശ്ചാത്തലമാണ് ആരവിനുള്ളത്.

പിതാവ് നന്നെ കുട്ടിക്കാലത്ത് തന്നെ മരിച്ചു. ഇതിനു ശേഷം അമ്മ നാട്ടില്‍ നിന്നും പോയി. ഇവര്‍ മറ്റൊരാളോടൊപ്പമാണ് താമസം. സാങ്കേതികവിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷമാണ് ആരവ് കണ്ണൂര്‍ വിടുന്നത്. സോഷ്യല്‍ മീഡിയയില്‍ വിപുലമായ സൗഹൃദങ്ങളുണ്ട്. ഇത്തരം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ബെംഗളുരുവിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി ഒപ്പിച്ചത്.

ആരവ് ഹാനോയിയെന്ന പേര് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചത് ഉത്തരേന്ത്യക്കാരെ സ്വാധീനിക്കുന്നതിനാണ്. അസം സ്വദേശിയായ യുവതിയുമായി അടുക്കുന്നതും ഈ പേരിലൂടെയാണ്. എന്നാല്‍ ഈ ബന്ധം ആരവിന് പിന്നീട് മടുക്കുകയായിരുന്നു. ഇതില്‍ നിന്നും ഒഴിവാകാനാണ് അരുംകൊല ആസുത്രണം ചെയ്തത്. ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന സംശയം പൊലിസിനുണ്ട്.

വാക് തര്‍ക്കത്തിനിടെയാണ് അസം സ്വദേശിനിയായ കാമുകി മായ കൊല്ലപ്പെടുന്നത്. ഇതിനു ശേഷം രണ്ടു ദിവസം മൃതദേഹത്തിന് കാവല്‍ നിന്ന ആരവ് ഒരു സൈക്കോപാത്തിനെപ്പോലെ കാശിയിലേക്ക് മജസ്റ്റിക്ക് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ കയറുകയായിരുന്നു. ഉത്തരേന്ത്യന്‍ സുഹൃത്തുക്കളെ ലക്ഷ്യമാക്കിയായിരുന്നു യാത്ര.

കൊലപാതക വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് അവര്‍ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഇതിനിടയില്‍ പണം തീര്‍ന്നതിനാല്‍ നാട്ടില്‍ ചിലരെ ഫോണ്‍ ചെയ്തു. അവരെയൊന്നും കിട്ടാത്തതിനാല്‍ ബെംഗളൂരുവിലെ ചില സുഹൃത്തുക്കളെ വിളിച്ചപ്പോഴാണ് ആരവ് കാശിയിലുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചത്. ഇതോടെ സുഹൃത്തുക്കള്‍ മുഖേന കീഴടങ്ങാന്‍ പൊലിസ് ആവശ്യപ്പെട്ടതുപ്രകാരം പിടികൊടുക്കുകയായിരുന്നു.

അസം സ്വദേശിനി മായ ഗാഗോയിയെ (18) യാണ് ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇയാള്‍ കൊലപ്പെടുത്തിയത്. ആറുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യം മായ തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളില്‍ വ്യക്തമാണ്.