തൊണ്ടിമുതല്‍ കേസില്‍ തിരിച്ചടി ; ആന്റണിരാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

തൊണ്ടിമുതല്‍ കേസില്‍ തിരിച്ചടി ; ആന്റണിരാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളി. ആന്റണി രാജു വിചാരണ നേരിടണമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തൊണ്ടിമുതല്‍ കേസിലെ പുനരന്വേഷണത്തിന് എതിരെ ആന്റണി രാജു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി വിധി. കേസില്‍ പുനരന്വേഷണമാകാമെന്ന് കോടതി പറഞ്ഞു.

ഹൈക്കോടതി വിധിയില്‍ പിഴവില്ലെന്നും എംആര്‍ അജയന് ഹര്‍ജിനല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സി.ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ലഹരിമരുന്ന് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാന്‍ തിരുവനന്തപുരം ജെഎഫ്എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകന്‍ ആന്റന്‍ണി രാജുവും, തൊണ്ടി ക്ലര്‍ക്കായ ജോസും ചേര്‍ന്ന് നെടുമങ്ങാട് കോടതിയില്‍ നിന്ന് മാറ്റിയെന്നതാണ് കേസ്. തൊണ്ടിമുതല്‍ രൂപമാറ്റം വരുത്തിയെന്നാരോപിച്ച് ആന്റണി രാജു, ബെഞ്ച് ക്ലാര്‍ക്ക് ജോസ് എന്നിവര്‍ക്കെതിരേ 1994 ല്‍ വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോടതിയുടെ പരിഗണനയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതല്‍ കേസില്‍ സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കില്‍ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.