പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരൻ അറസ്റ്റിൽ. തിരുവല്ല കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്. കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. പായിപ്പാട് ഉള്ള ബന്ധുവീട്ടിൽ നിന്ന് മടങ്ങും വഴിയായിരുന്നു അപകടം. മുത്തൂർ സർക്കാർ സ്കൂൾ വളപ്പിലെ മരം മുറിക്കുന്നതിൻ്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാൻ കരാറുകാർ റോഡിന് കുറുകെ കെട്ടിയ കയർ സിയാദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. സിയാദിൻ്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡിൽ കയർ വലിച്ച് കെട്ടിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കരാറുകാരൻ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരാറുകാരൻ്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.