കൊച്ചി: സംവിധായകൻ ശ്രീകുമാർ മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടി മഞ്ജു വാര്യരുടെ പരാതിയിലായിരുന്നു കേസ് എടുത്തിരുന്നത്. സാമുഹ്യമാധ്യമങ്ങളിലൂടെ വ്യക്തിത്വത്തെ അപമാനിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. 2019ൽ ആയിരുന്നു ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ രംഗത്ത് എത്തിയത്.
'ഒടിയൻ' സിനിമയുടെ റിലീസിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചു എന്നായിരുന്നു മഞ്ജു വാര്യരുടെ ആരോപണം. ഡിജിപിക്ക് ആയിരുന്നു പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്റെ പേരിലുള്ള ‘പുഷ്’ കമ്പനിയുമായുളള കരാര്‍ പ്രകാരം 2013 മുതല്‍ നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2017ൽ കരാർ റദ്ദാക്കിയതിന്റെ വിദ്വേഷത്തിൽ സമൂഹത്തിൽ തൻ്റെ മാന്യതയ്ക്ക് കോട്ടം വരുത്തുന്ന പ്രവൃത്തികളാണ് ശ്രീകുമാര്‍ മേനോന്റെ ഭാഗത്തുണ്ടാകുന്നതെന്നും പരാതിയിൽ മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.
പിന്നാലെ 2019 ഒക്ടോബർ 23ന് തൃശൂർ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ശ്രീകുമാർ മേനോനെതിരെ കേസെടുത്തത്.
2019 ഒക്ടോബർ 27ന് വിഷയത്തിൽ മഞ്ജു വാര്യരുടെ മൊഴി എടുത്തിരുന്നു. ശ്രീകുമാർ മേനോൻ സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ ദുഷ്പ്രചരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നുമാണ് മഞ്ജു പൊലീസിന് മൊഴി നൽകിയത്. ഇതിനെതിരെ ശ്രീകുമാർ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് കേസ് റദ്ദാക്കിയത്. ഹർജിയിൽ മഞ്ജു വാര്യരോട് നിലപാട് തേടിയിരുന്നെങ്കിലും മറുപടി അറിയിച്ചിരുന്നില്ല.
അതേസമയം, വേട്ടയ്യന്‍ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രജനികാന്ത് നായകനായി എത്തിയ ഈ ചിത്രം മഞ്ജുവിന്‍റെ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയായിരുന്നു. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.