നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണ ജോര്‍ജ്ജ്


തിരുവനന്തപുരം സ്വദേശിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. ആരോഗ്യ സര്‍വകലാശാലയ്ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. അമ്മു സജീവിന്റെ പിതാവിന്റെ പരാതി നേരത്തെ ലഭിച്ചിരുന്നതായി നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

പത്തനംതിട്ട പൊലീസ് ക്യാമ്പസിലെത്തി വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടെയും മൊഴിയെടുത്തു. അമ്മുവിന്റെ പിതാവിന്റെ പരാതിയ്ക്ക് പിന്നാലെ മൂന്ന് കുട്ടികള്‍ക്ക് പ്രിന്‍സിപ്പല്‍ മെമ്മോ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അമ്മു എസ് സജീവ് പത്തനംതിട്ട എസ്എംഇ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം അയിരൂര്‍പാറ രാമപുരത്തുപൊയ്ക ശിവം വീട്ടില്‍ സജീവ്, രാധാമണി ദമ്പതികളുടെ മകള്‍ അമ്മു എസ് സജീവ് നാലാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു. ഹോസ്റ്റലില്‍ ഒപ്പം താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നാണ് മാനസികവും ശാരീരികവുമായി പീഡനം നേരിട്ടതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഇതുസംബന്ധിച്ച് അമ്മുവിന്റെ പിതാവ് നേരത്തെ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടി സ്വീകരിച്ച് വരുന്നതായി പ്രിന്‍സിപ്പലും അറിയിച്ചു. അമ്മുവിന്റെ മരണം ആത്മഹത്യയാണോ എന്നതില്‍ സംശയമുണ്ടെന്നും മൂന്ന് വിദ്യാര്‍ത്ഥികള്‍ അമ്മുവിനെ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗൈനക് പ്രാക്ടീസിന് പോയ സമയത്ത് സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് അമ്മുവിന് നിരന്തരം പീഡനം സഹിക്കേണ്ടി വന്നുവെന്നാണ് പിതാവിന്റെ ആരോപണം.

വെള്ളിയാഴ്ച രാത്രിയാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിക്കുന്നത്. എന്നാല്‍ അന്നേ ദിവസം വൈകുന്നേരം നാല് മണിക്ക് അമ്മു മാതാപിതാക്കളുമായും സഹോദരനുമായും ഫോണില്‍ സംസാരിച്ചിരുന്നു. ആ സമയം പെണ്‍കുട്ടിയുടെ സംഭാഷണത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

അതിനാല്‍ മരണം ആത്മഹത്യയാണോ എന്ന സംശയത്തിലാണ് കുടുംബം. കുടുംബത്തിന്റെ ആരോപണങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.