ശസ്ത്രക്രിയ അവസാന നിമിഷം മാറ്റി, യുവാവ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്


ശസ്ത്രക്രിയ അവസാന നിമിഷം മാറ്റി, യുവാവ് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ; മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നോട്ടീസ്


കോഴിക്കോട്: തുടയെല്ല് പൊട്ടിയ യുവാവിന്റെ ശസ്ത്രക്രിയ മാറ്റിവെച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സൂപ്രണ്ടിന് നോട്ടീസ് അയച്ചു. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജൂനാഥ് നല്‍കിയ സൂപ്രണ്ടിന് നല്‍കിയ നിര്‍ദ്ദേശം. ഡിസംബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

നാദാപുരം ചെക്യാട് സ്വദേശി അശ്വിന്റെ  അടിയന്തര ശസ്ത്രക്രിയയാണ് യാതൊരു മുന്നറിയി്പപുമില്ലാതെ  മൂന്ന് ദിവസത്തേക്ക് മാറ്റിയത്. ശസ്ത്രക്രിയ അവസാന നിമിഷം മാറ്റിയതിനെ തുടര്‍ന്ന് യുവാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായി എന്നാണ് പരാതി. ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മജ്ജ രക്തത്തിലേക്കിറങ്ങിയാണ് യുവാവ് ഗുരുതരാവസ്ഥയിലായത്. തുടര്‍ന്ന് അശ്വിനെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

എന്നാല്‍ സമയം വൈകിയതിനാല്‍ രോഗിയുടെ നില ഗുരുതരമായി. എട്ടു ദിവസമെങ്കിലും വെന്റിലേറ്ററില്‍ കഴിയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ചികിത്സക്ക് ലക്ഷക്കണക്കിന് രൂപ ചിലവഴിക്കണം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് അശ്വിന്റേത്. കഴിഞ്ഞ ഞായറാഴ്ച കോയമ്പത്തൂരില്‍ നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്‍റ്  റാലിക്കിടയിലാണ് അശ്വിന് പരിക്കേറ്റത്. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.