യുപിയിൽ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെ സംഘർഷം‌; മൂന്ന്‌ മരണം

യുപിയിൽ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെ സംഘർഷം‌; മൂന്ന്‌ മരണം

@noorul ameen 

ലഖ്നൗ : ഉത്തർപ്രദേശിലെ സംഭൽ പട്ടണത്തിലെ പ്രശസ്തമായ ചന്ദൗസി ഷാഹി ജുമാ മസ്ജിദ് ക്ഷേത്രം സർവേയ്ക്കിടെ പൊട്ടിപുറപ്പെട്ട സംഘർഷത്തിൽ മൂന്നുപേർ മരിച്ചു.
മുഗളന്മാർ പള്ളി പണിയുന്നതിനായി ക്ഷേത്രം തകർത്തുവെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പരിശോധന നടത്താന് ജില്ലാകോടതി ഉത്തരവിട്ടിരുന്നു. നൗമാൻ, ബിലാൽ, നയിം എന്നിവരാണ് മരിച്ചതെന്ന് മൊറാദാബാദ് കമ്മീഷണർ അനഞ്ജയ് കുമാർ പറഞ്ഞു.

സർവേയ്ക്കിടെ കല്ലുകൾ വലിച്ചെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. രാവിലെ ആറ് മണിക്ക് ഡിഎം രാജേന്ദ്ര പാൻസിയയുടെ മേൽനോട്ടത്തിലാണ് സർവേക്കായി പ്രത്യേക സംഘം എത്തിയത്. തുടർന്ന് പ്രതിഷേധക്കാർ ഇവർക്ക് നേരെ കല്ലുകൾ വലിച്ചെറിയുകയായിരുന്നു. പൊലീസ് ലാത്തി ചാർജ് നടത്തുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ചെയ്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നതായാണ് വിവരം.

ജുമാ മസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമിച്ചതെന്നും അവകാശപ്പെട്ട് ഋഷിരാജ് ഗിരി എന്ന വ്യക്തി നൽകിയ അപേക്ഷയിലാണ് ജില്ലാ കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ സർവേ നടത്തിയത്. പള്ളിയുടെ സർവേ നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു