കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെടുത്ത് കംബോഡിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിലായി. നിലമ്പൂര്‍ പടിക്കുന്ന് കളത്തുംപടിയില്‍ സഫ്‌ന(31) ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. തഴവ സ്വദേശിയായ കനീഷിന് തായ്‌ലൻഡിലെ കമ്പനിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ കേസിലാണ് അറസ്റ്റ്.
കനീഷിനെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തിയ ശേഷം പലതവണകളായി 1,20,000 രൂപ പ്രതി കൈപ്പറ്റിയിരുന്നു. തുടര്‍ന്ന് യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തായ്‌ലൻഡില്‍ എത്തിച്ചു. അവിടെ നിന്നും പ്രതികളുടെ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കേന്ദ്രത്തില്‍ എത്തിച്ച യുവാവിന്, ഓണ്‍ലൈന്‍ തട്ടിപ്പ് ജോലിയായിരുന്നു നൽകിയിരുന്നത്. ജോലിയില്‍ ഏജന്റുമാര്‍ നിശ്ചയിച്ച ടാര്‍ജറ്റ് പൂര്‍ത്തിയാക്കാത്തതോടെ യുവാവിനെ ശാരീരിക-മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയെന്നാണ് കേസ്.
യുവാവ് ഈ വിവരം നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയായ സഫ്‌നയെ ബന്ധുക്കൾ ബന്ധപ്പെട്ടു. യുവാവിനെ നാട്ടിലെത്തിക്കുന്നതിന് വീണ്ടും ഒന്നര ലക്ഷം രൂപ സഫ്‌ന ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈപ്പറ്റിയ ശേഷം യുവാവിനെ നാട്ടിലെത്തിക്കാതെ സഫ്‌ന വഞ്ചിച്ചുവെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.
പിന്നീട് ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി കൊടുത്തു. എംബസി ഇടപെട്ടാണ് യുവാവിനെ നാട്ടിലെത്തിച്ചത്. നാട്ടിലെത്തിയ ശേഷം യുവാവാണ് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇവര്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഓച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുജാതന്‍ പിളളയുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ നിയാസ്, സന്തോഷ്, സി.പി.ഒ മാരായ അനു, ശ്രീദേവി, മോഹന്‍ലാല്‍ എന്നിവര്‍ അടങ്ങിയ സംഘം മലപ്പുറം നിലമ്പൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.