നഷ്ടമായത് മൂന്നരക്കോടി; മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു


നഷ്ടമായത് മൂന്നരക്കോടി; മുങ്ങിയ മലയാളി ജീവനക്കാരന് വേണ്ടി പൗരൻ്റെ കാത്തിരിപ്പ് 15 വർഷം പിന്നിടുന്നു














ഒമാൻ: മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാൽ (ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം) മുക്കിയ സംഭവത്തിൽ മലയാളി ജീവനക്കാരനെത്തേടിയുള്ള ഒമാനി പൗരന്റെ അന്വേഷണം 15 വർഷം പിന്നിടുന്നു. സ്റ്റീവ് എന്ന മലയാളിയാണ് സംഭവം പുറത്തായതിന് പിന്നാലെ പാസ്പോർട്ട് പോലും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. അന്വേഷണവും പുരോഗതിയില്ലാതായതോടെ ഡിജിപിയെ നേരിട്ട് കാണാൻ ശ്രമിക്കുകയാണ് മുഹമ്മദ് ഹമദ് ഗസ്സാലി.

ഒമാനിലെ മണി എക്സ്ചേഞ്ച് ഉടമയായിരുന്നു മുഹമ്മദ് ഹമദ് അൽ ഗസ്സാലി. സ്റ്റീവ് എന്ന മലയാളി ബ്രാഞ്ച് മാനേജരായി ഇരുന്നത് 2009 ഫെബ്രുവരി മുതൽ ആഗസ്ത് വരെ വെറും 6 മാസം. ഇടപാടിനായി വന്ന ഒന്നേമുക്കാൽ ലക്ഷം ഒമാനി റിയാൽ കാണാനില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇന്ത്യൻ രൂപയിൽ ഇന്നത്തെ മൂന്നേമുക്കാൽ കോടിയിലധികം. അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം പോയതിന് ചുമതലയുണ്ടായിരുന്ന സ്റ്റീവിന് കൃത്യമായ മറുപടിയുണ്ടായില്ല. പൊലീസ് കേസായി, കോടതിയിലെത്തി, പക്ഷെ സ്റ്റീവിനെ കാണാതായി. 2012ൽ എറണാകുളത്തെത്തി സ്റ്റീവിനെ നേരിട്ട് കണ്ടെത്തി. പണം തിരികെ നൽകാമെന്ന് സമ്മതിച്ച്, നോട്ടറി ഒപ്പിട്ട് അന്നെഴുതിയ കരാറും ഇപ്പോഴും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പക്ഷെ ഒന്നും നടന്നില്ല.

ഇന്‍റർപോൾ വരെയെത്തിയ കേസിൽ, ക്രൈബ്രാഞ്ച് അന്വേഷണം നടന്നിരുന്നു. പണമിടപാടിന്റെ ചില രേഖകൾ കൂടി ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സർക്കാർ തലത്തിൽ ഉന്നതതല ഇടപെടൽ ഉണ്ടെങ്കിൽ മാത്രമേ ഫലമുണ്ടാകൂ എന്ന നിലപാടിലാണ് ഇദ്ദേഹം. സ്റ്റീവിനെ ബന്ധപ്പെടാൻ ശ്രമിച്ചാലും നൽകിയ നമ്പരുകളിൽ ഒന്നും പ്രവർത്തിക്കുന്നില്ല. മലയാളികളോട് ഏറെ മതിപ്പുള്ള മുഹമ്മദ് ഹമദ് ഗസ്സാലിയുടെ ആ വിശ്വാസത്തിന് കൂടിയാണ് മുറിവേറ്റത്.