
കൽപ്പറ്റ: കെ റഫീഖ് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ പി ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു.
നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. വോട്ടെടുപ്പില്‍ 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗഗാറിന് പതിനൊന്ന് വോട്ടാണ് ലഭിച്ചത്.
വയനാടിന്റെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത് കൂട്ടായ നേതൃത്വമാണ്. വ്യക്തികൾക്ക് പ്രാധാന്യമില്ല. ഉത്തരവാദിത്തം കൂട്ടായി നിർവഹിക്കുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി.