കേളകം പഞ്ചായത്തിന് അവകാശപ്പെട്ട 190 ഏക്കർ ഭൂമി ആറളം വില്ലേജിൽ ചേർക്കപ്പെട്ടതായി സർക്കാർ രേഖകൾ പുറത്ത്
കേളകം: ഡിജിറ്റൽ സർവേയുടെ മറവിൽ കേളകം പഞ്ചായത്ത് ഭരണവും വനം വകുപ്പും റവന്യൂ വകുപ്പും ചേർന്ന് 190 ഏക്കർ കൃഷിഭൂമി ആരുമറിയാതെ ആറളം വന്യജീവി സങ്കേതത്തോട് ചേർത്തുവെന്ന് ആരോപണം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ കർഷക സംഘടനയായ കിഫ പുറത്തുവിട്ടു. പൂക്കുണ്ട് പ്രദേശത്ത് നടത്തുന്ന ഡിജിറ്റൽ സർവ്വേയിലെ അളവുകളിൽ വ്യതിയാനം കണ്ടെത്തിയ കർഷകർ പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വനം വകുപ്പും റവന്യു വകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ ചതി തിരിച്ചറിയുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
കേളകം പഞ്ചായത്തിൻ്റെ കൈവശമുള്ള ചീങ്കണ്ണിപ്പുഴയും കൃഷിഭൂമിയിൽ നിർമിച്ച ആനമതിലും ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കിയതായും കിഫ കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ സർവേയുടെ മറവിൽ റവന്യൂ വകുപ്പിനെയും, കേളകം പഞ്ചായത്തിനെയും കൂട്ടുപിടിച്ച് ആറളം വില്ലേജിന്റെ സർവേയിൽപ്പെടുത്തി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ കൈക്കലാക്കി ആറളം വില്ലേജിന്റെ ഭാഗമാക്കി മാറ്റി.അതിൽ ജനങ്ങൾ നികുതിയടയ്ക്കുന്ന കൈവശ ഭൂമികളും ഉൾപ്പെട്ടിരിക്കുന്നു. റവന്യു വകുപ്പും വനം വകുപ്പും ചേർന്ന് രഹസ്യമായി നടത്തിയ ചതിയ്ക്ക് കേളകം പഞ്ചായത്ത് നേതൃത്വത്തിനും പങ്കുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് കിഫ ആരോപിച്ചു.
നരിക്കടവ്, പൂക്കുണ്ടിലെ അതിർത്തിയിലെ സ്ഥലങ്ങളുടെ ഡിജിറ്റൽ സർവേ പ്രകാരമുള്ള ഭൂമിയുടെ അളവുകളും തുള്ളൽ, വളയംഞ്ചാൽ അതിർത്തിയിലെ സ്ഥലങ്ങളുടെ ഡിജിറ്റൽ സർവേ പ്രകാരമുള്ള ഭൂമിയുടെ അളവുകളും കൂടി കിഫ പുറത്തുവിട്ടിട്ടുണ്ട്. രേഖാചിത്രവും പുറത്തുവിട്ടതോടെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. 100 മീറ്റർ ബഫർ സോൺ പ്രഖ്യാപിക്കാനും പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ആധിപത്യം ഉറപ്പിക്കാനും വനം വകുപ്പ് കഴിഞ്ഞ 6 വർഷമായി ശ്രമിച്ചു വരികയായിരുന്നു. പ്രതിഷേധം ശക്തമായി നിലനിന്നിരുന്നതിനാൽ രഹസ്യമായാണ് നീക്കങ്ങൾ നടത്തിയത്. പ്രതിഷേധം ഉയർന്നപ്പോഴെല്ലാം പഞ്ചായത്ത് ഭരണ നേതൃത്വമാണ് വനം വകുപ്പിനു വേണ്ടി സുരക്ഷ ഒരുക്കിയിരുന്നത്. സണ്ണി ജോസഫ് എംഎൽഎ അടക്കം എതിർപ്പുമായി രംഗത്തു വന്നപ്പോഴെല്ലാം പഞ്ചായത്ത് ഭരണം വനം വകുപ്പിന് സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു.
കർഷക കൈവശഭൂമി തട്ടിയെടുക്കാൻ ആറളം വന്യജീവി സങ്കേതത്തിൻ്റെ ഉദ്യോഗസ്ഥതൃത്വത്തിൽ കഴിഞ്ഞ ആറ് വർഷമായി വ്യാജരേഖകൾ സൃഷ്ടിച്ചതായും വ്യാജ സർവ്വേകൾ നടത്തിയതായും കർഷകർ പറയുന്നു. ആറളം, കൊട്ടിയൂർ വനങ്ങൾ കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പൂർത്തിയാക്കാതെയാണ് വന്യ ജീവി സങ്കേതങ്ങളായി പ്രഖ്യാപിച്ചതെന്നും വന്യജീവി സങ്കേതങ്ങൾക്ക് ആവശ്യമായ ഭൂപരിധി ഇവയ്ക്കില്ലെന്നും കണ്ടെത്തിയിട്ടുള്ളതാണ്. വിസ്തൃതി ലഭ്യമാക്കാൻ വേണ്ടി കൊട്ടിയൂർ മേഖലയിൽ നവ കിരണം റീ ലൊക്കേഷൻ പദ്ധതിയിലൂടെ കൃഷിഭൂമി വില കൊടുത്ത് വാങ്ങുകയും ചെയ്തു വരികയാണ്.
കസ്തൂരി രംഗൻ റിപ്പോർട്ടിൻ്റെ മറവിൽ കർഷകരുടെ നേരേ നടത്തുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന കൊട്ടിയൂരിലെ കർഷകരെ അനുനയിപ്പിക്കാനും സൂത്രത്തിൽ ഭൂമി പിടിച്ചെടുക്കാനുമാണ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്ത റീലൊക്കേഷൻ പദ്ധതി നടപ്പിലാക്കുന്നത്. വന്യ ജീവി ശല്യം കൊണ്ട് കർഷകർ സ്വയം കുടിയൊഴിഞ്ഞു പോകാൻ സാഹചര്യം സൃഷ്ടിക്കുന്ന പ്രക്രിയയുടെ ഭാഗമാണ് റീലൊക്കേഷൻ പദ്ധതിയെന്ന് സംശയം ശക്തമായിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങൾ എന്ന പദവി നഷ്ടപ്പെടുത്താൻ പട്ടണങ്ങളെ ഇല്ലായ്മ ചെയ്യാൻ പ്രത്യേക വികസന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും വ്യക്തമാകുകയാണ്. ഇതിനിടയിൽ ആറളം വനത്തിൻ്റെ ഭാഗത്തും വിസ്തൃതി വർധിപ്പിക്കാനാണ് രേഖകളിലും അതിരുകളിലും കൃത്രിമം നടത്തുകയും അതിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വിവാദ പരമായി ഡിജിറ്റൽ റീസർവേ നടത്തുകയും ചെയ്യുന്നതെന്ന് വ്യക്തമാകുന്നതായും കർഷകർ പറയുന്നു.