ബെംഗളൂരുവിൽ നിന്നെത്തിച്ച് വീട്ടിൽ സൂക്ഷിച്ചു, വില 30 ലക്ഷത്തോളം; 73.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരുവിൽ നിന്നെത്തിച്ച് വീട്ടിൽ സൂക്ഷിച്ചു, വില 30 ലക്ഷത്തോളം; 73.2 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ


പാലക്കാട്: വീട്ടിൽ സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. 73.2 ഗ്രാം എംഡിഎംഎയുമായി ചെ‍ർപ്പുളശേരി സ്വദേശി ബോബോ ഷഫീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  30 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ചിറയിന്‍കീഴിലും ലഹരിമരുന്ന് വേട്ട നടന്നു. മുടപുരം എന്‍ഇഎസ് ബ്ലോക്കിന് സമീപം ഡീസന്‍റ് മുക്കില്‍ റൂറല്‍ ഡാൻസാഫ് സംഘവും ചിറയിന്‍കീഴ്‌ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി മൂന്നു പേരാണ് പിടിയിലായത്. 127 ഗ്രാം എംഡിഎംഎയുമായി ചിറയിന്‍കീഴ്‌ സ്വദേശി അഗാറസ്, മുടപുരം സ്വദേശി റയീസ് എന്നിവരും ഒരു വിദ്യാര്‍ഥിയും ആണ്‌ പിടിയിലായത്.

മലപ്പുറം പൊന്നാനിയിൽ പോലീസ് സംഘത്തെ വെട്ടിച്ചു കടന്ന ലഹരിക്കടത്ത് സംഘത്തെ പൊന്നാനി പൊലീസ് പിന്തുടർന്ന് പിടികൂടി. പൊലീസിനെ കണ്ട് സംഘം വാഹനം ഓടിച്ച് പോകാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ച് പരിക്കേൽപ്പിച്ച് നിർത്താതെ പോവുകയായിരുന്നു. പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറിൽ രാസലഹരി വിൽപന നടത്തുന്ന സംഘമാണ് പിടിയിലായത്.

സംഘം സഞ്ചരിച്ച കാറും പിടിച്ചെടുത്തു. നാലു പ്രതികളിൽ വെളിയങ്കോട് സ്വദേശി ഫിറോസ് , പൊന്നാനി സ്വദേശി മുഹമ്മദ് റിയാസുദിൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുഖ്യ പ്രതി കൊളത്തേരി സാദിഖിന്റെ കാറും പൊലീസ് കണ്ടെത്തി.