കണ്ണൂരിൽ എം പോക്സ്; ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം, തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കണ്ണൂരിൽ എം പോക്സ്; ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം, തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു


കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

m pox in kannur health department advises caution

കണ്ണൂർ: കണ്ണൂരിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന്‍റെ നിർദേശം. രോ​ഗം സ്ഥിരീകരിച്ച തലശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് യുഎഇയിൽ നിന്നെത്തിയ തലശേരി സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 



പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക.


രോഗ പകര്‍ച്ച


കൊവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക- വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.