അണുബാധ ഉണ്ടാവരുത്'; ഉമാ തോമസിൻ്റെ ആരോ​ഗ്യസ്ഥിതിയും പിന്നീടുണ്ടായേക്കാവുന്ന സങ്കീർണ്ണതകളും വിലയിരുത്തി മന്ത്രി


'അണുബാധ ഉണ്ടാവരുത്'; ഉമാ തോമസിൻ്റെ ആരോ​ഗ്യസ്ഥിതിയും പിന്നീടുണ്ടായേക്കാവുന്ന സങ്കീർണ്ണതകളും വിലയിരുത്തി മന്ത്രി


തിരുവനന്തപുരം: കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കല്‍ സംഘം. ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്നുള്ള സംയുക്ത മെഡിക്കല്‍ സംഘമാണ് ആരോ​ഗ്യസ്ഥിതിയെ കുറിച്ച് വിലയിരുത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി സംസാരിച്ചു. 

എംഎല്‍എയുടെ നിലവിലെ ആരോഗ്യസ്ഥിതിയും പിന്നീട് ഉണ്ടായേക്കാവുന്ന സങ്കീര്‍ണതകളുമാണ് യോഗം വിലയിരുത്തിയത്. വരും ദിവസങ്ങളിലെ ചികിത്സക്കായി ഓരോ വിദഗ്ധ ഡോക്ടറും അവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ചു. അണുബാധയുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കാനും യോ​ഗത്തിൽ നി‍‍ർദേശമുണ്ടായി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അഞ്ച് പേരെ പ്രതി ചേർത്തു. മൃദംഗതാളം സിഇ ഒ നിഗോഷ് കുമാറാണ് കേസിലെ ഒന്നാം പ്രതി. ഷമീർ, ജനീഷ്, കൃഷ്ണകുമാർ, ബെന്നി എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെയുള്ള പ്രതികൾ. അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതിപ്പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായിട്ടാണ് വേദി നി‍ർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നത്. സിമന്‍റ് കട്ടകൾ വെച്ചാണ് കോൺക്രീറ്റിൽ വേദി ഉറപ്പിച്ചത്. സ്റ്റേജിലുള്ളവർക്ക് അപകടം കൂടാതെ നടക്കാൻ വഴിയില്ലാത്തവിധമാണ് കസേരകൾ ക്രമീകരിച്ചത്. കോർപറേഷനിൽ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താൽക്കാലിക സ്റ്റേജ് നിർമിച്ചത്. ഫയർഫോഴ്സിൽ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ലെന്നും റിമാൻഡ് റിപ്പോ‍ർട്ടിലുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് പറയുന്നു.

അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്‍റ് പ്രൊട്ടക്ഷൻ ഫോറം ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും തികഞ്ഞ ലാഘവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നുമാണ് പ്രസിഡന്‍റ് ഡിജോ കാപ്പൻ പരാതിയിൽ ആരോപിക്കുന്നത്. ഉത്തരവാദികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കുള്ള പരാതിയിൽ പറയുന്നു. 

അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നു ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതിന്റെ സൂചനകൾ കണ്ട് തുടങ്ങി.ശ്വാസകോശത്തിലെ അണുബാധ കുറച്ച് വെന്റിലേറ്റക്റിൽ നിന്നും മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുക ആണെന്ന് ഡോക്ടർമാർ അറിയിച്ചു.