നാടകീയതകൾക്ക് വിരാമം, ഒടുവിൽ അല്ലു അർജുൻ ജയിൽ മോചിതൻ
പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു.
ഹെെദരാബാദ്: തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ഇന്നലെയാണ് താരത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിലാണ് ഒരു രാത്രിയിലെ ജയിൽവാസത്തിന് ശേഷം അല്ലു അർജുൻ ജയിൽ മോചിതനായത്. സുരക്ഷാ കാരണങ്ങളാൽ ചഞ്ചൽഗുഡ ജയിലിന്റെ പിൻഗേറ്റിലൂടെയാണ് താരം പുറത്തേക്കിറങ്ങിയത്.
ഹെെദരാബാദിലെ സന്ധ്യ തീയറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അല്ലു അർജുന്റെ അറസ്റ്റ് ചിക്കടപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം നടനെ ആശുപത്രിയിലെത്തിച്ച് വെെദ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം നാമ്പള്ളി കോടതിയിൽ ഹാജരാക്കി. വാദം കേട്ട കോടതി അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ സെക്ഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അല്ലുവിന്റെ അഭിഭാഷകൻ ഇടക്കാല ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്കാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.