ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ്. നടന്‍ അല്ലു അര്‍ജുന്‍, സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തുമെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു. ബുധനാഴ്ച ഹൈദരാബാദ് തിയേറ്ററിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ ആണ് നടപടി.
സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുന്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ എത്തിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടായത് എന്നും ഇതാണ് സ്ത്രീയുടെ മരണത്തിനിടയാക്കിയത് എന്നുമാണ് പൊലീസ് പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷയുമായി ബന്ധപ്പെട്ട് അധിക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താത്തതിന് സന്ധ്യ തിയറ്റര്‍ മാനേജ്മെന്റിന് പിഴ ചുമത്തുകയും ചെയ്യും.
സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം പ്രീമിയര്‍ ഷോയ്‌ക്കെത്തിയ അല്ലു അര്‍ജുനെ കാണാന്‍ തിയേറ്ററില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട് ശ്വാസം മുട്ടി 35 കാരിയായ സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടം മുന്നോട്ട് കുതിച്ചപ്പോള്‍ തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകരുകയും ചെയ്തു.
ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തി ചാര്‍ജ് നടത്തേണ്ടി വന്നു. പരിക്കേറ്റ 13 കാരനായ തേജ എന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തിയേറ്ററിനുള്ളില്‍ ഒരാളുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഇടയാക്കിയ സംഭവത്തിന് ഉത്തരവാദികളായ എല്ലാ വ്യക്തികള്‍ക്കെതിരെയും നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ദില്‍സുഖ് നഗര്‍ സ്വദേശിയായ രേവതി ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീ തേജ് (13), സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പമാണ് സിനിമാ പ്രീമിയറിന് എത്തിയിരുന്നത്. അല്ലു അര്‍ജുന്‍ തന്റെ സ്വകാര്യ സുരക്ഷയോടെയാണ് സിനിമാ തിയേറ്ററില്‍ എത്തിയതെന്നും അവിടെ കൂടിയിരുന്നവരെല്ലാം അദ്ദേഹത്തോടൊപ്പം തിയേറ്ററിലേക്ക് കടക്കാന്‍ ശ്രമിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
''അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ടീം പൊതുജനങ്ങളെ തള്ളിവിടാന്‍ തുടങ്ങി. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഈ സാഹചര്യം മുതലെടുത്ത് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സെക്യൂരിറ്റി സംഘത്തിനുമൊപ്പം താഴത്തെ ബാല്‍ക്കണി ഏരിയയിലേക്ക് നിരവധി ആളുകള്‍ പ്രവേശിച്ചു. രേവതിയും മകനും ഈ തള്ളിക്കയറ്റത്തില്‍പ്പെടുകയായിരുന്നു,' പൊലീസ് വ്യക്തമാക്കി.
ബോധരഹിതരായ രേവതിയെയും മകനെയും വിദ്യാനഗറിലെ ദുര്‍ഗാഭായ് ദേശ്മുഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ രേവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു, ശ്രീ തേജിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് ബേഗംപേട്ടിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്