ഡിഎംകെ സഖ്യം പിണറായി തകര്‍ത്തു; ഇനി തൃണമൂലിലേക്കെന്ന് അന്‍വര്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം തകര്‍ത്തത് പിണറായി വിജയന്‍ ആണ് എന്ന് അന്‍വര്‍ ആരോപിച്ചു. ഇനി താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും എന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസുമായുളള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ് എന്നും അന്‍വര്‍ വ്യക്തമാക്കി.
ബി എസ് പിയുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു എന്നും പക്ഷേ അവര്‍ ദുര്‍ബലമാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. സമാജ്വാദി പാര്‍ട്ടിയുമായും ചര്‍ച്ചകള്‍ നടത്തുകയാണ്. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തന്നെയാണ് താനിപ്പോള്‍ പിന്തുടരുന്നത്. അതിനാല്‍ തന്നെ ബി ജെ പിയുമായി സഹകരിക്കില്ല. യു ഡി എഫ് പ്രവേശനം ഇപ്പോള്‍ ആലോചനയില്‍ ഇല്ല എന്നും അന്‍വര്‍ വ്യക്തമാക്കി.
മുസ്ലിം ലീഗ് വഴി യു ഡി എഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ല. തന്റെ യു ഡി എഫ് പ്രവേശനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എതിര്‍ക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അന്‍വര്‍ പ്രതികരിച്ചു. അതേസമയം മുന്‍ എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്‍വര്‍ ദുരൂഹത ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുമായി ബന്ധപ്പെട്ട ഒരു രഹസ്യം നവീന്‍ ബാബുവിന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബത്തെ അറിയിക്കും മുന്‍പ് ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും നടന്നു എന്നും 0.5 വണ്ണമുള്ള അയ കെട്ടാനുപയോഗിക്കുന്ന കയറില്‍ എങ്ങനെയാണ് 55 കിലോ ഭാരമുള്ള നവീന്‍ ബാബു തൂങ്ങുക എന്നും അദ്ദേഹം ചോദിച്ചു. ഒരാള്‍ ശ്വാസം മുട്ടി മരിച്ചിട്ട് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ വാല്‍വിന് ഒരു കുഴപ്പവുമില്ല എന്നും എന്നാല്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത് അടിവസ്ത്രത്തില്‍ രക്തക്കറയുണ്ടെന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നവീന്‍ ബാബു കണ്ണൂരില്‍ നിന്ന് സ്ഥലംമാറ്റം ആവശ്യപ്പെട്ടതല്ല എന്നും തനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കുടുംബത്തോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും ശശി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിക്കുച്ചു. പറ്റാവുന്നതിന്റെ പരമാവധി ചെയ്തുകൊടുത്തു. ഇനി അവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബു കുടുംബാംഗങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും അന്‍വര്‍ പറഞ്ഞു.
നവീന്റെ കുടുംബത്തിനൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടിയും സര്‍ക്കാരും എന്തുകൊണ്ടാണ് പ്രത്യേക അന്വേഷണസംഘത്തെ ആവശ്യപ്പെടാത്തത്. സര്‍ക്കാര്‍ നിലപാട് സത്യസന്ധമാണെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ക്കത് അംഗീകരിക്കാന്‍ പറ്റാത്തത് എന്നും അദ്ദേഹം ചോദിച്ചു.