
പാലക്കാട്> ആഘോഷങ്ങളിൽപോലും വിദ്വേഷം കലർത്തുന്ന സംഘപരിവാർ അസഹിഷ്ണുതയ്ക്ക് മറുപടിയായി സൗഹൃദ ക്രിസ്മസ് കരോളുമായി ഡിവൈഎഫ്ഐ. നല്ലേപ്പിള്ളി ഗവ. യു പി സ്ക്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം തടയുകയും അധ്യാപകരെ ഭീഷണപ്പെടുത്തുകയും ചെയ്ത വിശ്വഹിന്ദു പരിഷത്തിൻറെ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി. ഡിവൈഎഫ്ഐ നല്ലപ്പിള്ളി 1 മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് രാവിലെ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത്.
വെള്ളിയാഴ്ചയാണ് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ സംഘപരിവാറുകാർ അതിക്രമിച്ചുകയറി കുട്ടികളെയും അധ്യാപകരെയും ഭീഷണിപ്പെടുത്തിയത്. ക്രിസ്മസ് ആഘോഷിക്കാനും കേക്ക് മുറിക്കാനും ആരാണ് നിങ്ങൾക്ക് അനുവാദം തന്നത്? ആഘോഷം നടത്താൻ സർക്കുലർ ഉണ്ടോ? ചുവന്ന ഡ്രസിട്ട് കുട്ടികളെ വഴിതെറ്റിക്കുന്നു. ഇപ്പോൾ നിർത്തിക്കോണം തുടങ്ങിയ അസഭ്യവർഷവുമായാണ് വിഎച്ച്പി നേതാക്കൾ സ്കൂളിൽ അതിക്രമം കാട്ടിയത്. ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു അവരുടെ ആക്രോശം.
കേസിൽ റിമാൻഡിലായ നല്ലേപ്പിള്ളി സ്വദേശികളായ വടക്കുംതറ കെ അനിൽകുമാർ (52), മാനാംകുറ്റി കറുത്തേടത്തുകളം സുശാസനൻ (52), തെക്കുമുറി വേലായുധൻ (58) എന്നിവർ സ്ഥിരം അക്രമകാരികളാണ്. വിഎച്ച്പി ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അനിൽകുമാർ കൊലക്കേസിലും സുശാസനൻ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിലും പ്രതിയാണ്.