വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷററും മകനും മരിച്ചു. മണിച്ചിറ മണിചിറക്കല്‍ എന്‍.എം. വിജയന്‍(78), മകന്‍ ജിജേഷ്(28)എന്നിവരാണ് ഇന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. വൈകുന്നേരത്തോടെ ജിജേഷാണ് ആദ്യം മരിച്ചത്. പിന്നാലെയായിരുന്നു വിജയന്റെ മരണം.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും വിഷം അകത്തുചെന്ന നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബത്തേരിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിജയന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, മുനിസിപ്പല്‍ കൗണ്‍സിലര്‍, ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബത്തേരി കോ ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്കാലിക ജീവനക്കാരനായിരുന്നു ജിജേഷ്. അവിവാഹിതനാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പട്ട പ്രശ്‌നങ്ങള്‍ വിജയനെ അലട്ടിയിരുന്നതായി സൂചനയുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് അച്ഛനും മകനും വിഷം കഴിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളുടെ നിഗമനം. വീട്ടില്‍നിന്നു ആത്മഹത്യാക്കുറിപ്പ് പോലീസിനു കണ്ടെത്താനായില്ലെന്നാണ് വിവരം. പരേതയായ സുമയാണ് വിജയന്റെ ഭാര്യ. വിജേഷ് മറ്റൊരു മകനാണ്.