പെരിങ്ങത്തൂരില്‍ തൂമ്പയുമായി എത്തി എടിഎം കുത്തിത്തുറക്കാന്‍ ശ്രമം: യുവാവ് പിടിയില്‍

പെരിങ്ങത്തൂരില്‍ തൂമ്പയുമായി എത്തി എടിഎം കുത്തിത്തുറക്കാന്‍ ശ്രമം: യുവാവ് പിടിയില്‍

@noorul ameen 


കണ്ണൂര്‍: രാത്രിയില്‍ ഹെല്‍മെറ്റും തൂമ്പയുമായി എത്തി എടിഎം തുറക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ കുത്തിതുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചയാളാണ് പോലീസ് പിടിയിലായത്. എടിഎമ്മിലെ സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് യുവാവിനെ പോലീസ് പിടികൂടിയത്.

ക്രിസ്മസ് ദിവസം രാത്രിയിലായിരുന്നു പ്രതി എടിഎം കുത്തിതുറക്കാന്‍ ലക്ഷ്യമിട്ടെത്തിയത്. ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ചെത്തിയ യുവാവിന്റെ കൈയിലെ തൂമ്പ ഉപയോഗിച്ച് മെഷീനിന്റെ രണ്ട് വശത്തും കുത്തി തുറക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടര്‍ന്ന് ഇയാള്‍ പദ്ധതി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. എന്നാല്‍ സിസിടിവിയിലൂടെ ദൃശ്യങ്ങള്‍ കണ്ട അധികൃതര്‍ പോലീസിനെ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും വെള്ളിയാഴ്ചയോടെ പ്രതിയെ പിടികൂടുകയും ചെയ്തു.