കല്‍പ്പറ്റ: വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീഡന കേസിസിൽ ഉള്‍പ്പെട്ട് ജാമ്യത്തില്‍ ഇറങ്ങി ഗോവയിലേക്ക് മുങ്ങിയ പ്രതിയെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. കോഴിക്കോട് മുണ്ടക്കല്‍ രഹനാസ് വീട്ടില്‍ ദീപേഷ് മക്കട്ടില്‍(48) എന്നയാളെയാണ് വെള്ളമുണ്ട പൊലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഗോവയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന് മനസിലാക്കുകയും തിരികെ നാട്ടിലേക്ക് വരുമ്പോള്‍ പിടികൂടുകയുമായിരുന്നു. 2014-ലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി ബലാല്‍സംഘം ചെയ്യുകയും, ആറു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതി ദീപേഷിനെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു. വെള്ളമുണ്ട ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ സുരേഷ് ബാബുവിന്റെ നിര്‍ദേശപ്രകാരം സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുഹമ്മദ് നിസാര്‍, റഹീസ്, ജിന്റോ സ്‌കറിയ എന്നിവരാണ് പ്രതിയെ പിടികൂടിയത്.