കൊച്ചി : ഉച്ചഭക്ഷണ പദ്ധതിയുടെ ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് രണ്ടര മാസത്തെ കുടിശിക. മുട്ട, പാല്‍ വിതരണത്തിന് പ്രധാനാധ്യാപകര്‍ കടം വാങ്ങിയും മറ്റും ചെലവഴിച്ച തുകയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.
ഉച്ചഭക്ഷണത്തിന് സെപ്റ്റംബറിലെ സംസ്ഥാന വിഹിതമായ 40 ശതമാനം തുക മാത്രമാണ് സ്‌കൂളുകള്‍ക്ക് നല്‍കിയത്. 60 ശതമാനം കേന്ദ്രവിഹിതം നല്‍കിയില്ല. സംസ്ഥാനം യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയോ കണക്കുകള്‍ സമര്‍പ്പിക്കുകയോ ചെയ്യാത്തതിനാലാണ് കേന്ദ്രം തുക അനുവദിക്കാത്തതെന്ന് അറിയുന്നു.
മുട്ട, പാല്‍ വിതരണം സംസ്ഥാന പദ്ധതിയാണ്. അതിനും ഒക്‌ടോബര്‍ മുതല്‍ പണം നല്‍കിയിട്ടില്ല. സഹാധ്യാപകരില്‍നിന്നു കടം വാങ്ങിയും മറ്റുമാണ് പ്രധാനാധ്യാപകര്‍ ചെലവിനുള്ള തുക കണ്ടെത്തിയത്.
കോടതി ഓരോതവണയും കേസ് പരിഗണിക്കുന്നതിനു തൊട്ടുമുന്‍പ് മാത്രമാണ് സര്‍ക്കാര്‍ തുക അനുവദിക്കുന്നതെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു. പാചകത്തൊഴിലാളികള്‍ക്ക് സെപ്റ്റംബറിലെ വേതനത്തില്‍ ആയിരം രൂപ കുറച്ചാണ് അനുവദിച്ചത്.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലേത് നല്‍കാനൊട്ട് നടപടിയുമായില്ല.