ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ മണൽ കൊണ്ട് ഗാന്ധിചിത്രം രചിച്ച് രത്നാകരൻ
ഇരിട്ടി: ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഇരിട്ടി സ്വദേശി എൻ.എം. രത്നാകരൻ മണലിൽ രചിച്ച ഗാന്ധിചിത്രം ശ്രദ്ധേയമായി. ഇരിട്ടി സെൻട്രൽ ടെക്നിക്കൽ ട്രെയ്നിങ് ഫൗണ്ടേഷൻ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് വിദ്യാർത്ഥികളുമായി ചേർന്ന് നടത്തിയ ഗാന്ധി സ്മൃതി ചിത്രകലാ ക്യാമ്പിൽ ആണ് സെൻട്രൽ ടെക്നിക്കൽ ട്രെയ്നിങ് ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകനും ചിത്രകാരനുമായ രത്നാകരൻ മണൽകൊണ്ട് ഗാന്ധിയുടെ ചിത്രം രചിച്ചത്. രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് വിദ്യാർഥികൾ വരച്ച ഗാന്ധി ചിത്രങ്ങളുടെ പ്രദർശനവും നടന്നു. സി ടി ടി എഫ് ചെയർമാൻ ടി. പ്രസാദ്, പ്രഭാകരൻ പട്ടാന്നൂർ, രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് വിദ്യാർത്ഥികളായ ആദിത്ത്, അനശ്വര, അഖില, റീഷ, അമേഖ എന്നിവർ ഗാന്ധി സ്മൃതി ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകി.