
കൊച്ചി : അബ്ദുള്‍ നാസര്‍ മഅദനി ഒന്നാംപ്രതിയായ വധഗൂഢാലോചനാക്കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. മാറാട് കേസില്‍ പ്രത്യേകകോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് മുമ്പാകെ നല്‍കിയ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അനേ്വഷണം. എന്നാല്‍, തെളിവുകള്‍ കണ്ടെത്താനായില്ലെന്നു വ്യക്തമാക്കിയാണ് 21 വര്‍ഷത്തിനുശേഷം കേസ് അവസാനിപ്പിക്കുന്നത്.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍, ഫാ. അലവി എന്നിവരെ കൊലപ്പെടുത്താന്‍ മഅദനി തനിക്ക് പണം നല്‍കിയെന്നായിരുന്നു കേസില്‍ അറസ്റ്റിലായ മാറാട് അഷ്‌റഫിന്റെ മൊഴി. തോക്കും മറ്റ് ആയുധങ്ങളും വാങ്ങാനാണ് പണം നല്‍കിയത്. പരമേശ്വരനെ വധിക്കാന്‍ കന്യാകുമാരിവരെ പോയെങ്കിലും ആള്‍ക്കൂട്ടം കാരണം സാധിച്ചില്ലെന്നും അഷ്‌റഫ് മൊഴിനല്‍കി. തിരുവനന്തപുരത്തെത്തി നടത്തിയ ശ്രമവും വിജയിച്ചില്ല. അഷ്‌റഫിന്റെ മൊഴിയേത്തുടര്‍ന്ന് മഅദനിയെ ബംഗളുരുവിലെ ആശുപത്രിയിലെത്തി പോലീസ് ചോദ്യംചെയ്തിരുന്നു.
ടി.ജി. മോഹന്‍ദാസിന്റെ ഹര്‍ജിയേത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് അനേ്വഷിച്ച കേസാണ് ഇപ്പോള്‍ എഴുതിത്തള്ളിയത്. ഇക്കാര്യം വ്യക്തമാക്കി കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റഫര്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ജാമ്യം ലഭിച്ചിട്ടും മഅദനിക്കു കേരളത്തില്‍ വരാന്‍ ഏകതടസമായിരുന്നു ഇൗ കേസ്.
ജാമ്യത്തിനായി മഅദനി സുപ്രീം കോടതിയിലെത്തിയപ്പോള്‍ ടി.ജി. മോഹന്‍ദാസ് കക്ഷിചേര്‍ന്ന് എതിര്‍ത്തു. മഅദനിക്കെതിരേ വധശ്രമക്കേസില്‍ അനേ്വഷണം നടക്കുന്നതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു വാദം. ഇത് പരിഗണിച്ചാണ് മഅദനിക്കു ജാമ്യം അനുവദിച്ചെങ്കിലും, കേരളത്തില്‍ കടക്കരുതെന്നു സുപ്രീം കോടതി നിര്‍ദേശിച്ചത്. ആ ഉത്തരവ് ഇപ്പോഴും നിലവിലുണ്ട്. കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളിയതോടെ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാം.