ബെംഗളൂരു: കർണാടകയിൽ മറ്റൊരു കുട്ടിക്ക് കൂടി എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. രോഗം സ്ഥിരീകരിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണ്. അതേസമയം രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് രണ്ട് കുട്ടികളിലും രോഗം കണ്ടെത്തിയതെന്ന് കേന്ദ്രം വ്യക്തമാക്കി. ' ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിരീക്ഷിക്കുന്നതിന് ഐസിഎംആർ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്', കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന് എച്ച്എംപിവി വൈറസ് സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പനിയെ തുടർന്നാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിൽ തന്നെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം ചൈനയിൽ സ്ഥിരീകരിച്ച എച്ച്എംപിവി വകഭേദം തന്നെയാണോ കർണാടകയിലും കണ്ടെത്തിയത് എന്നത് സംബന്ധിച്ച് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സാധാരണയായി 11 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിക്കാറുള്ളത്. എല്ലാ ഫ്‌ളൂ സാമ്പിളുകളിലും 0.7 ശതമാനവും എച്ച്എംപിവി ആണ്. എന്നാൽ ചൈനയിൽ കണ്ടെത്തിയ വൈറസ് വകഭേദം എന്താണെന്ന് വ്യക്തമല്ലാത്തതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന് കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
അതിനിടെ എച്ച്എംപിവി ഗുരുതരമല്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രതികരിച്ചത്. 'ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളിൽ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയിൽ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തിൽ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയും', മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു