ഇപ്പൊ എങ്ങനിരിക്കണ്! ഹെൽമറ്റ് ധരിക്കാതെ റോഡിലൂടെ നടന്നെന്നുകാട്ടി യുവാവിന് പിഴ, സംഭവം മധ്യപ്രദേശിൽ

ഇപ്പൊ എങ്ങനിരിക്കണ്! ഹെൽമറ്റ് ധരിക്കാതെ റോഡിലൂടെ നടന്നെന്നുകാട്ടി യുവാവിന് പിഴ, സംഭവം മധ്യപ്രദേശിൽ



റോഡിലൂടെ നടന്നു പോകുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യുവാവിനോട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് പൊലീസ്. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.അജയ്‌ഗഡ് സ്വദേശിയായ സുശീൽ കുമാർ ശുക്ലയ്ക്കാണ് ഈ അനുഭവം ഉണ്ടായത്. സംഭവത്തിൽ പരാതിയുമായി ഇയാൾ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെ ക്ഷണിക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോകവേ പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥർ സുശീലിനെ തടഞ്ഞു നിർത്തുകയും ഹെൽമറ്റ് ധരിക്കാതെ നടന്നതിന് 300 രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.


തന്നെ ബലംപ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയെന്നും പിന്നീട് സ്റ്റേഷനിൽ എത്തിച്ചെന്നുമാണ് ഇയാൾ പറയുന്നത്. മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ താൻ നടന്നുവരവേ റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിന്റെ നമ്പർ പൊലീസ് നോട്ട് ചെയ്യുകയും ഹെൽമറ്റ് ധരിക്കാത്തതിന് തനിക്കെതിരെ പിഴ ചുമത്തിയെന്നുമാണ് സുശീൽ ആരോപിക്കുന്നത്.

സംഭവത്തിൽ സുശീൽ പന്ന എസ്പിയെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചിട്ടുണ്ട്. സുശീലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എസ്പി അറിയിച്ചു.