അമേരിക്കക്കാരെ സമ്പന്നരാക്കും, നികുതി മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍; ലോക രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി

അമേരിക്കക്കാരെ സമ്പന്നരാക്കും, നികുതി മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍; ലോക രാജ്യങ്ങള്‍ക്ക് ട്രംപിന്‍റെ ഭീഷണി


അമേരിക്കക്കാരുടെ ആദായനികുതി ഒഴിവാക്കണമെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്.  കൂടുതല്‍ സമ്പന്നവും ശക്തമായതുമായ ഒരു സംവിധാനത്തിലേക്ക് യുഎസ് മടങ്ങേണ്ട സമയമാണിതെന്ന് പറഞ്ഞ ഡൊണാള്‍ഡ് ട്രംപ് വിദേശ പൗരന്മാര്‍ക്ക് നികുതി ചുമത്തിയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് കൂടുതല്‍  താരിഫ് ഏര്‍പ്പെടുത്തിയും യുഎസിനെ സമ്പന്നമാക്കാമെന്ന് വ്യക്തമാക്കി. 1913-ന് മുമ്പ് യുഎസില്‍് ആദായനികുതി ഇല്ലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. പകരം മുന്‍കാലങ്ങളില്‍ അമേരിക്കയെ സമ്പന്നമാക്കിയത് താരിഫ് സമ്പ്രദായമായിരുന്നു. അത് യുഎസിന്‍റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടമായിരുന്നു.  1887ല്‍ യുഎസില്‍ താരിഫ് കമ്മീഷന്‍ സ്ഥാപിച്ചു, ഈ കമ്മീഷന് ഒരു ധര്‍മ്മം ഉണ്ടായിരുന്നു. ധാരാളം പണമുണ്ടാക്കാന്‍ ആ സംവിധാനത്തിന് കഴിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.  വിദേശ രാജ്യങ്ങളെ സമ്പന്നരാക്കാന്‍ നമ്മുടെ പൗരന്മാര്‍ക്ക് നികുതി ചുമത്തുന്നതിനുപകരം, നമ്മുടെ പൗരന്മാരെ സമ്പന്നരാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് നികുതി ചുമത്തുകയും താരിഫ് ഏര്‍പ്പെടുത്തുകയും വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം പ്രസിഡന്‍റാകാനുള്ള പ്രചാരണ വേളയിലും ട്രംപ് ഈ വാദം മുന്നോട്ട് വച്ചിരുന്നു.

ആദ്യം അമേരിക്ക എന്ന നയമനുസരിച്ച്  മറ്റ് രാജ്യങ്ങള്‍ക്കുള്ള താരിഫ് വര്‍ദ്ധിക്കുമ്പോള്‍, അമേരിക്കന്‍ തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും മേലുള്ള നികുതി കുറയും, കൂടാതെ വന്‍തോതിലുള്ള തൊഴിലവസരങ്ങളും ഫാക്ടറികളും നാട്ടിലേക്ക് മടങ്ങും. അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തില്‍ യുഎസ് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ഇന്ത്യയടങ്ങുന്ന ബ്രിക്സ് കൂട്ടായ്മയെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 

യുഎസില്‍, രാജ്യത്തുടനീളമുള്ള 328 തുറമുഖങ്ങളില്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഏജന്‍റുമാരാണ് താരിഫുകള്‍ ശേഖരിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് പണം സ്വരൂപിക്കുന്നതിനും അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കാര്യക്ഷമമല്ലാത്ത മാര്‍ഗമാണ് താരിഫുകളെന്നാണ് ട്രംപിന്‍റെ നീക്കത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.