പി.വി.അന്‍വര്‍ എം.എല്‍.എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്.
നിലമ്പൂര്‍: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ കേസെടുത്തിന് പിന്നാലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ പി.വി അന്‍വര്‍ അറസ്റ്റില്‍. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പി.വി.അന്‍വര്‍ എം.എല്‍.എ ഉള്‍പ്പെടെ 11പേര്‍ക്കെതിരെയാണ് കേസെടുത്തത്. കേസില്‍ അന്‍വര്‍ ഒന്നാം പ്രതിയാണ്.
മലപ്പുറം ഒതായിയിലെ പി.വി.അന്‍വറിന്റെ വീട് വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹമാണ് വീടിന് മുന്നിൽ എത്തിയത്. പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി അന്‍വറിന്റെ അനുയായികള്‍ എത്തിയിരുന്നു. കാട്ടാന ആക്രമണത്തില്‍ മണി (35) എന്ന യുവാവ് മരിച്ച സംഭവത്തെ വനം വകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അൻവർ വിശേഷിപ്പിച്ചത്. യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും അൻവർ പറഞ്ഞു.
പിഡിപിപി ആക്റ്റ് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിക്കുന്നതിനിടെയാണ് പി വി അൻവറിന്റെ സംഘടനയായ ഡിഎംകെയുടെ നേതാക്കൾ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പിന്നാലെ പ്രതിഷേധക്കാർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.