മസ്ക് പറഞ്ഞു, ട്രംപ് വെട്ടി; ഇന്ത്യക്കുള്ള സഹായം നിര്‍ത്തി അമേരിക്ക, ഒറ്റയടിക്ക് നഷ്ടമായത് 178 കോടി


മസ്ക് പറഞ്ഞു, ട്രംപ് വെട്ടി; ഇന്ത്യക്കുള്ള സഹായം നിര്‍ത്തി അമേരിക്ക, ഒറ്റയടിക്ക് നഷ്ടമായത് 178 കോടി


മ്മള്‍ എന്തിനാണ് അവര്‍ക്ക് 21 മില്യണ്‍ ഡോളര്‍ നല്‍കുന്നത്? അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ അപേക്ഷിച്ച് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് അവര്‍. അവര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവയാകട്ടെ വളരെ ഉയര്‍ന്നതും. അതുകൊണ്ട് തന്നെ നമുക്ക് അവിടെ പ്രവേശിക്കാന്‍ പ്രയാസമാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വളരെയധികം ബഹുമാനമുണ്ട്, പക്ഷേ വോട്ടിംഗ് പ്രോല്‍സാഹിപ്പിക്കാന്‍ 21 മില്യണ്‍ യുഎസ് ഡോളര്‍ അവര്‍ക്ക് നല്‍കണോ?' അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ ഈ പ്രസ്താവനയോടെ ഒറ്റയടിക്ക് ഇന്ത്യക്ക് നഷ്ടമായത് 178 കോടി രൂപയാണ്. ലോകസമ്പന്നനും, ഇലക്ട്രിക് വാഹന നിര്‍മാണകമ്പനിയായ ടെസ്ലയുടെ ഉടമയുമായ ഇലോണ്‍ മസ്ക് നേതൃത്വം നല്‍കുന്ന ഡോജിയാണ് ഇന്ത്യയ്ക്കുള്ള സഹായം വെട്ടിയത്. അമേരിക്കയുടെ അനാവശ്യ ചെലവുകള്‍ റദ്ദാക്കി ഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി ട്രംപ് ഭരണകൂടം സ്ഥാപിച്ച സംവിധാനമാണ് ഡോജി. ഡോജി അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുകയും പാഴ് ചെലവുകള്‍ ഇല്ലാതാക്കുകയും ഫെഡറല്‍ ഏജന്‍സികളെ പുനഃക്രമീകരിക്കുകയും ചെയ്ത് പുതിയ ഭരണകൂടത്തിന് വഴിയൊരുക്കുമെന്നാണ് മസ്കിന്‍റെ അവകാശവാദം 

ഇന്ത്യക്ക് പുറമേ മറ്റ് ചില രാജ്യങ്ങള്‍ക്കുള്ള സഹായം കൂടി അനാവശ്യ ചെലവുകളെന്ന് പറഞ്ഞ് വെട്ടിക്കുറച്ചവയില്‍ ഉള്‍പ്പെടും.. ബംഗ്ലാദേശില്‍ രാഷ്ട്രീയ സംവിധാനം ശക്തിപ്പെടുത്താനായി അമേരിക്ക നല്‍കുന്ന 29 മില്യണ്‍ ഡോളറും റദ്ദാക്കി. നേപ്പാളില്‍ സാമ്പത്തിക ഫെഡറലിസത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും ഉള്ള 39 മില്യണ്‍ ഡോളറും നിര്‍ത്തി വയ്ക്കാന്‍ ട്രംപ് തീരുമാനിച്ചു.  ലൈബീരിയയില്‍ വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി നല്‍കുന്ന 1.5 മില്യണ്‍ ഡോളറും റദ്ദാക്കിയ ഫണ്ടുകളില്‍ ഉള്‍പ്പെടുന്നു. മാലിയില്‍ സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍, ദക്ഷിണാഫ്രിക്കയിലെ  ജനാധിപത്യം മെച്ചപ്പെടുത്താനുള്ള  സഹായം എന്നിവയും അമേരിക്കന്‍ ഭരണകൂടം നിര്‍ത്തിവച്ചു.