ആറു മണിക്കൂറിനിടയില്‍ അഞ്ചു കൊലപാതകങ്ങള്‍ ; കൃത്യം നടത്താന്‍ പ്രതി സഞ്ചരിച്ചത് 25 കിലോമീറ്ററുകള്‍

ആറു മണിക്കൂറിനിടയില്‍ അഞ്ചു കൊലപാതകങ്ങള്‍ ; കൃത്യം നടത്താന്‍ പ്രതി സഞ്ചരിച്ചത് 25 കിലോമീറ്ററുകള്‍



തിരുവനന്തപുരം: പട്ടാപ്പകല്‍ വെഞ്ഞാറമൂട്ടില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. അഫാന്റെ മാതാവ് ഷെമിയുടെ നില ഗുരുതരമായി തുടരുകയാണ്. കൃത്യമായ ആസൂത്രണത്തോടെയാണ് അഞ്ചു കൊലപാതകങ്ങളും അഫാന്‍ നടത്തിയത്. മൂന്നിടത്തായി ആറു പേരെ കൊലപ്പെടുത്തിയെന്നായിരുന്നു ഇന്നലെ പ്രതി പോലീസിനോട് കീഴടങ്ങുമ്പോള്‍ പറഞ്ഞത്.

മൂന്ന് സ്‌റ്റേഷന്‍ പരിധിയിലായി ആറു മണിക്കൂറിനിടയില്‍ അഞ്ചു കൊലപാതകങ്ങള്‍ നടത്തിയത്. രാവിലെ പത്തുമണിയോടെ പണം ചോദിച്ച് സ്വന്തം അമ്മ ഷെമിയെ ആക്രമിച്ചു. അതിന് ശേഷം കല്ലറ പാങ്ങോട് ചെന്ന് മുത്തശ്ശി സല്‍മാബീവിയെ ആക്രമിച്ചു സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. തിരിച്ചു പോകുന്നതിനിടയില്‍ പിതൃസഹോദരന്‍ ലത്തീഫ് വിളിച്ചു. ലത്തീഫ് വിവരങ്ങള്‍ അറിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതി മൂന്ന് മണിയോടെ ഇവര്‍ താമസിക്കുന്ന പുല്ലമ്പാറ എസ്എന്‍ പുരത്തെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. അതിന് ശേഷം നാലു മണിയോടെ കാമുകി ഫര്‍സാനയെ പെരുമലയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു കൊലപ്പെടുത്തി. ഒടുവില്‍ സഹോദരന്‍ അഫ്‌സാനെ സ്‌കൂളില്‍ നിന്നും കൊണ്ടുവന്ന ശേഷം കൊലപ്പെടുത്തി. കൊലപാതകങ്ങള്‍ക്കായി പ്രതി 25 കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്.

എല്ലാവരേയും കൊലപ്പെടുത്താനുള്ള ചുറ്റിക അഫാന്‍ വാങ്ങിയത് വെഞ്ഞാറമൂട്ടില്‍ നിന്നുമായിരുന്നു. വൈകിട്ട് ആറുമണിയോടെ ഇയാള്‍ കുളിച്ചു വേഷംമാറി സ്‌റ്റേഷനില്‍ എത്തി പോലീസിനോട് വിവരം പറഞ്ഞ് കീഴടങ്ങി. കൊലപാതകത്തിന്റെ കാരണം തേടുകയാണ് പോലീസ്. അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യവും മാനസീകനിലയുടെ പരിശോധനയും നടത്തുന്നുണ്ട്.

കൊലപാതകത്തിന് കാരണം സാമ്പത്തീക ബാദ്ധ്യതയാണെന്നാണ് പോലീസിനോട് പ്രതി ആദ്യം പറഞ്ഞത്. എന്നാല്‍ പ്രതിയുടെ ഈ മൊഴി തെറ്റാണെന്ന് പിതാവ് തന്നെ സൂചന നല്‍കിയിട്ടുണ്ട്. പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നായിരുന്നു അഫാന്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ അഫാന് എന്തെങ്കിലും സാമ്പത്തീക ബാദ്ധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ് നിസാം ന്നെ മൊഴി നല്‍കിയിരിക്കുകയാണ്. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തിലേക്ക് എത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസും പറയുന്നത്.

സൗദിയില്‍ ഉള്ള ബാധ്യതകള്‍ അല്ലാതെ മറ്റൊരു ബാധ്യതയും തനിക്കും ഇല്ലെന്നാണ് പിതാവും പറഞ്ഞത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് കൂട്ടക്കൊലയെന്ന അഫാന്റെ പ്രാഥമിക മൊഴി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. വിദേശത്ത് സ്‌പെയര്‍പാര്‍ട്‌സ് കടയുള്ള പിതാവിന്റെ ബിസിനസ് തകര്‍ന്നതാണ് കടബാധ്യതയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി. കടബാധ്യതയ്ക്കിടെ അഫാന്‍ പെണ്‍സുഹൃത്തിനെ വീട്ടില്‍ വിളിച്ചു കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ബന്ധുവീടുകളിലേക്കും പോയെന്നും അവിടെയും തര്‍ക്കമുണ്ടായെന്നും സഹായം ചോദിച്ചിട്ട് ആരും കൂടെ നിന്നില്ലെന്നുമാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.

തുടര്‍ന്ന് ആദ്യം മാതാവിനെ കൊല്ലാന്‍ നോക്കി. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, സഹായം തേടി ചെന്നപ്പോള്‍ ബന്ധുക്കളും പിന്തുണയ്ക്കുകയോ പണം നല്‍കുകയോ ചെയ്തില്ലെന്നും പ്രതി മൊഴി നല്‍കി. ഇതിനുപിന്നാലെയാണ് കൂട്ടക്കൊല നടത്തിയത്. പിതാവിന് 75 ലക്ഷത്തിന്റെ കടമുണ്ടെന്നായിരുന്നു അഫാന്‍ പോലീസിനോട് പറഞ്ഞത്. അതേസമയം പ്രതി അഫാന്റെ മൊഴിയെടുക്കുകയാണ് പോലീസ്.