പുലർച്ചെ സുൽത്താൻബത്തേരി ബിവറജിൽ 3 പേർ, മോഷ്ടിച്ചത് ബിയറും ബ്രാണ്ടിയുമടക്കം 7 ലിറ്റർ മദ്യം, വലവിരിച്ച് പൊലീസ്

പുലർച്ചെ സുൽത്താൻബത്തേരി ബിവറജിൽ 3 പേർ, മോഷ്ടിച്ചത് ബിയറും ബ്രാണ്ടിയുമടക്കം 7 ലിറ്റർ മദ്യം, വലവിരിച്ച് പൊലീസ്


സുല്‍ത്താന്‍ബത്തേരി: നഗത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബിവറേജ് ഔട്ട്‌ലെറ്റില്‍ മോഷണം. ബീനാച്ചിയില്‍ നിന്ന് പനമരത്തേക്ക് പോകുന്ന റോഡിനരികെ മന്ദംകൊല്ലിയിലെ ബിവറേജ് ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നിരിക്കുന്നത്. പൂട്ടുപൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ മദ്യക്കുപ്പികള്‍ കവര്‍ന്നു. മോഷ്ടാക്കളുടെ  സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജീവനക്കാര്‍ രാവിലെ  ഔട്ട്‌ലെറ്റ്  തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പുലര്‍ച്ചെ ഒന്നേകാലിനും മൂന്നരയ്ക്കും ഇടയ്ക്കാണ് ഔട്ട്‌ലൈറ്റില്‍ മോഷണം നടന്നിരിക്കുന്നത്.  അകത്തു കടന്ന മോഷ്ടാക്കള്‍  ബ്രാണ്ടിയും ബിയറുമടക്കം ഏഴ് ലിറ്റര്‍ മദ്യം  അപഹരിച്ചതായാണ് പ്രാഥമിക വിവരം. മാനേജര്‍  ക്യാബിനിലുള്ള പണം സൂക്ഷിക്കുന്ന ഭാ​ഗം പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇത് പൊളിക്കാന്‍ ഉപയോഗിച്ച് എന്ന് കരുതുന്ന വലിയ കല്ലും പൊലീസ് കണ്ടെത്തി.

മദ്യത്തിന്റെ കൃത്യമായ സ്റ്റോക്ക് എടുത്താല്‍ മാത്രമെ എത്ര ലിറ്റര്‍ മദ്യം നഷ്ടമായി എന്ന കണക്ക് വ്യക്തമാകുവെന്ന് മാനേജര്‍ വ്യക്തമാക്കി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ സുല്‍ത്താന്‍ബത്തേരി പൊലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി.