കെഎസ്ആര്‍ടിസി ഡബിള്‍ഡെക്കറിനെതിരായ സമരം പാരയായി; മൂന്നാറില്‍ വാഹനപരിശോധന ശക്തം, 300 കേസ്, 8 ലക്ഷം രൂപ പിഴ


കെഎസ്ആര്‍ടിസി ഡബിള്‍ഡെക്കറിനെതിരായ സമരം പാരയായി; മൂന്നാറില്‍ വാഹനപരിശോധന ശക്തം, 300 കേസ്, 8 ലക്ഷം രൂപ പിഴ


ഉദ്ഘാടനപ്രസംഗത്തില്‍ പ്രദേശത്തെ വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

photo - facebook

മൂന്നാര്‍: ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ മേഖലയിലെ വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കേസുകളില്‍നിന്നായി എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി.

പ്രദേശത്തെ ഓട്ടോ ടാക്‌സി വാഹനങ്ങളും വിനോദസഞ്ചാരികളുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിച്ചു. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത വാഹനങ്ങളില്‍നിന്നാണ് ഭൂരിഭാഗവും പിഴ ഈടാക്കിയത്. രൂപമാറ്റം വരുത്തിയ ഓട്ടോകള്‍ക്കും ജീപ്പുകള്‍ക്കും വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡെക്കര്‍ ബസിനെതിരേ സമരവുമായി മൂന്നാറിലെ ഒരു വിഭാഗം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ഉല്ലാസയാത്രാ സര്‍വീസുകള്‍ അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിന് നേരേ ഇവര്‍ കരിങ്കൊടി വീശിയിരുന്നു. ഇതേ തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പ്രദേശത്തെ വാഹനങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.