എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്സിൽ 3 മൃതദേഹങ്ങൾ, കൂട്ട ആത്മഹത്യയെന്ന് സൂചന; മരിച്ചത് ജാര്‍ഖണ്ഡ് സ്വദേശികള്‍, അന്വേഷണം


എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്സിൽ 3 മൃതദേഹങ്ങൾ, കൂട്ട ആത്മഹത്യയെന്ന് സൂചന; മരിച്ചത് ജാര്‍ഖണ്ഡ് സ്വദേശികള്‍, അന്വേഷണം


കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കൂട്ട ആത്മഹത്യയെന്ന് സൂചന. മൂന്ന് പേരെയാണ് ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ മനീഷ്, സഹോദരി ശാലിനിയും അമ്മ ശകുന്തളയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ. വീടിന്റെ കതക് പൊളിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്ത് ദുർ​ഗന്ധം ഉണ്ടായിരുന്നു. ആ​ദ്യഘട്ടത്തിൽ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.

കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ല എന്ന് പ്രദേശവാസികൾ പറയുന്നു.